ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന റിപ്പോർട്ട് തള്ളി കാനഡ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് കാനഡ തള്ളിയത്.മോദിക്കും ജയശങ്കറിനും ഡോവലിനും പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാനഡ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും കാനഡ പ്രതികരിച്ചു. റിപ്പോർട്ട് വെറും ഊഹാപോഹവും അവാസ്തവുമാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ,ഇന്റലിജൻസ് ഉപദേഷ്ടാവ് നതാസി ജി ഡ്രൂയിൻ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് നിജ്ജറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്നായിരുന്നു മാദ്ധ്യമവാർത്തകൾ. പിന്നാലെ, റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇത്തരം ‘പരിഹാസ്യമായ പ്രസ്താവനകൾ’ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മോശമായ പ്രചാരണങ്ങൾ ഇന്ത്യകാനഡ ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിജ്ജാർ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്നും കാനഡ ആരോപിച്ചിരുന്നു.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 ന് ആണ് വെടിയേറ്റ് മരിച്ചത്.കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരവധി തവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇത് പാടെ തള്ളുകയായിരുന്നു.
Discussion about this post