വീടെത്ര വൃത്തിയാക്കിയാലും പലരും പറയുന്ന പരാതിയാണ് പാറ്റയുടെയും പല്ലിയുടെയും ശല്യം. നമ്മൾ വരുത്തുന്ന ചില അബദ്ധങ്ങളാണ് ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നത്. മാലിന്യങ്ങൾ സമയത്ത് നശിപ്പിക്കാതിരിക്കുക, അടുക്കളയും വീടും വൃത്തിയായി സൂക്ഷിക്കാതെ ഇരിക്കുക സിങ്കിൽ പാത്രങ്ങൾ അലക്ഷ്യമായി ഇടുക,കാലപ്പഴക്കം, വീട് നിൽക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത എല്ലാം പല്ലിയും പാറ്റയും പെരുകുന്നതിന് കാരണമാണ്. ഇവയുടെ ശല്യത്തിനായി കെമിക്കലുകൾ തിരഞ്ഞെടുത്ത് പണി വാങ്ങിക്കുന്നതിന് പകരം പ്രകൃതിദത്തമാർഗങ്ങളിൽ ചിലത് പരീക്ഷിച്ചാലോ
പല്ലിയെ അകറ്റാനായി കാപ്പിച്ചണ്ടി ഉപയോഗിക്കുന്നത് ഏറ്റവും ലളിതമായ മാർഗമാണ്. കാപ്പിയുടെ ശക്തമായ മണം പല്ലികളെ തടയുമത്രേ. പല്ലികളെ സാധാരണയായി കാണുന്ന ഇടങ്ങളിൽ കാപ്പിച്ചണ്ടി വിതറാം. ജനലുകളിലോ വാതിലുകളിലും മുറിയുടെ കോണുകളിലും കാപ്പിച്ചണ്ടി വിതറാം. മറ്റൊന്ന് പുകയിലയാണ്. പുകയിലയിലെ നിക്കോട്ടിൻ പല്ലികളെ തടയുന്നു. കുറച്ച് പുകയില വെള്ളത്തിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. പല്ലികൾ കൂടുതലായി കാണപ്പെടുന്ന ഇടങ്ങളിൽ ഈ പേസ്റ്റ് പുരട്ടുന്നത് ഗുണകരമാകും. അതുമല്ലെങ്കിൽ കാപ്പിച്ചണ്ടിയും പുകയിലയും സംയോജിപ്പിച്ചാലും ഫലം ലഭിക്കും.
പാറ്റകൾക്കെതിരെ പൊരുതാൻ കുരുമുളക് പൊടി ഫലപ്രദമായ മാർഗമാണ്. പാറ്റകൾ പതിവായി വരുന്ന ഭാഗങ്ങളിൽ ഇത് തളിച്ചാൽ ഇവയെ അകറ്റി നിർത്താം. വേപ്പില പൊടിയിലോ വേപ്പെണ്ണയിലോ കുരുമുളക് പൊടി കലർത്തി ഉപയോഗിക്കുക.
വെളുത്തുള്ളി പേസ്റ്റും കറുവപ്പട്ടയും ഒരുമിച്ച് ചേർത്താലും പാറ്റ ജീവനും കൊണ്ട് ഓടും.
Discussion about this post