ഇപ്പോള്‍ ചൈന നേരിടുന്ന വന്‍വെല്ലുവിളി കുറഞ്ഞുവരുന്ന ജനനനിരക്കാണ്. ഈ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാനായി നിരവധി പദ്ധതികളാണ് ചൈന ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ഇതിന് വേണ്ടി ഇപ്പോള്‍ ആശുപത്രികളില്‍ പ്രസവസമയത്ത് വേദന കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതുവരെ ഈ മരുന്നുകള്‍ക്ക് ചൈനയില്‍ വലിയ വിലയായിരുന്നു ഈടാക്കിയിരുന്നത്.
രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ദ്വീപ് പ്രവിശ്യയായ ഹൈനാന്‍, ഗവണ്‍മെന്റാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രസവ സമയത്തെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന്റെ ഭാഗമായി വേദനാ സംഹാരികള്‍ അടക്കമുള്ള മരുന്നുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജനന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവിശ്യയില്‍ നവംബര്‍ 20 ന് ഈ പദ്ധതി പ്രഖ്യാപിച്ചത്. പ്രസവസമയത്ത് മാതാപിതാക്കള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 1949 -ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്ക് റിപ്പോര്‍ട്ട് ചെയ്തത് 2023 -ലാണ്. 1,000 ആളുകള്‍ക്ക് 6.39 ആയി ജനന നിരക്ക് കുറഞ്ഞിരുന്നു. കൂടാതെ നവജാത ശിശുക്കളുടെ എണ്ണം 9.02 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണ്.
Discussion about this post