ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു വിദേശരാജ്യം സന്ദർശിക്കാൻ കഴിയണേ എന്ന് ആഗ്രഹിക്കുന്നവരാകും നമ്മളിൽ പലരും. പുറം രാജ്യത്തെ സംസ്കാരവും,കാഴ്ചകളും അത്രമേൽ നമ്മളെ എല്ലാവരെയും ആകർഷിക്കുന്നു. വിദേശ യാത്ര സ്വപ്നം കാണുന്നവരുടെ എല്ലാം ആശങ്കയാണ് അവിടെ എത്താനും തുടർന്നുമുള്ള ഭീമമായ ചിലവ്. ഇത് ആലചിക്കുമ്പോൾ പലപ്പോഴും ട്രിപ്പ് എന്ന ആഗ്രഹം തന്നെ പലരും കുഴിച്ചുമൂടും. എന്നാലിതാ യൂറോപ്പിലേക്ക് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ടിപ്പുകൾ പറഞ്ഞ് തരികയാണ് ജിതിൻ ജേക്കബ്. യൂറോപ്പിലേക്ക് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദം എന്ന് കരുതുന്ന ചില കാര്യങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കി. കുറിച്ചിരിക്കുന്നത്
യാത്ര വിവരണം ഒന്നുമല്ല.. യൂറോപ്പിലേക്ക് ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദം എന്ന് കരുതുന്ന ചില കാര്യങ്ങൾ ആണ് :-വിസ – യൂറോപ്പിലെ ഏതാണ്ട് 29 രാജ്യങ്ങളിലേക്ക് പോകാൻ ഷെന്ഗൻ വിസ (Schengen) എടുത്താൽ മതിയാകും. നമ്മൾ ആദ്യം പോകുന്നത് ഏത് രാജ്യത്തെക്കാണോ, ആ രാജ്യം നൽകുന്ന Schengen വിസ ആണ് എടുക്കേണ്ടത്.
ഞങ്ങൾ ആദ്യം പോയത് സ്വിറ്റ്സർലൻഡിലേക്ക് ആയത് കൊണ്ട് സ്വിറ്റ്സർലൻഡ് നൽകുന്ന Schengen വിസക്ക് ആണ് അപേക്ഷിച്ചത്. സ്വന്തമായി വിസ ആപ്ലിക്കേഷൻ നൽകാം എങ്കിലും ഏതെങ്കിലും ട്രാവൽ ഏജൻസി വഴി നൽകുന്നതാണ് നല്ലത്. പോകുന്ന സ്ഥലത്തെ ഹോട്ടൽ booking, flight ടിക്കറ്റ് എല്ലാം ഡമ്മി ഉണ്ടാക്കി അവർ തരും. വിസക്ക് അപേക്ഷിക്കുമ്പോൾ അതെല്ലാം വേണം.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള NOC, മൂന്ന് മാസത്തെ സാലറി സ്ലിപ്, 3 വർഷത്തെ ITR, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ നൽകണം. Fixed Deposit, Mutual ഫണ്ട് എന്നിവയിൽ ഉള്ള തുകയെക്കാൾ, അവർ നോക്കുക നമ്മുടെ SB അക്കൗണ്ട് ബാലൻസ് ആയിരിക്കും. അതുകൊണ്ട് SB അക്കൗണ്ടിൽ പരമാവധി തുക കാണിക്കുക.
ഫ്ലൈറ്റ് ടിക്കറ്റ് നേരത്തെ ബ്ലോക്ക് ചെയ്യാൻ ഏജൻസിക്കാർക്ക് കഴിയും എന്നത് കൊണ്ട് അതും ട്രാവൽ ഏജൻസി വഴി ചെയ്യുന്നതാകും നല്ലത്.
നമ്മൾ ചെന്നിറങ്ങുന്ന രാജ്യത്ത് എമിഗ്രേഷനിൽ നമ്മുടെ ട്രാവൽ പ്ലാൻ, ഹോട്ടൽ booking, ട്രാവൽ ഇൻഷുറൻസ്, തിരിച്ചുള്ള flight ടിക്കറ്റ് എല്ലാം കാണിക്കേണ്ടി വരും. അതുകൊണ്ട് എല്ലാത്തിന്റെയും കോപ്പി കയ്യിൽ കരുതുക.
ഞങ്ങൾ പോയത് സ്വിറ്റ്സർലൻഡ്, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നീ രാജ്യങ്ങളിലേക്ക് ആണ്.
ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലൻഡ്. ‘യൂറോ’ ഉപയോഗിക്കാം എങ്കിലും അവരുടെ നാണയം ‘സ്വിസ്സ് ഫ്രാങ്ക്’ ആണ്. 97 ഇന്ത്യൻ രൂപ കൊടുത്താൻ ആണ് ഒരു സ്വിസ്സ് ഫ്രാങ്ക് ലഭിക്കുക.
ഒരു കാപ്പി കുടിക്കണം എങ്കിൽ കുറഞ്ഞത് 6 സ്വിസ് ഫ്രാങ്ക് നൽകണം. അതായത് ഏകദേശം 600 ഇന്ത്യൻ രൂപ..!
ഞങ്ങൾ താമസിച്ചത് Zurich ൽ ആണ്. Zurich നഗരത്തിൽ ഹോട്ടലുകളിൽ ഒരു ദിവസം ഏകദേശം 18000 മുതൽ 25000 രൂപ വരെ വരും. അത് കൂടാതെ ഏകദേശം 3000 രൂപ പ്രാദേശിക നികുതിയും നൽകണം. ഞങ്ങൾ താമസിച്ചത് Zurich നഗരത്തിനും – എയർപോർട്ടിനും മധ്യത്തിൽ ഉള്ള IBIS ഗ്രൂപ്പിന്റെ ബഡ്ജറ്റ് ഹോട്ടലിൽ ആണ്. ഓഫർ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് 4 ദിവസത്തേക്ക് പ്രാദേശിക നികുതിയും, ബ്രേക്ക് ഫാസ്റ്റും ചേർത്ത് മോൾക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ഏതാണ്ട് 45000/- രൂപയെ ആയുള്ളൂ.
ബ്രേക്ഫാസ്റ്റ് കൂടി നൽകുന്ന ഹോട്ടലുകൾ മാത്രം തിരഞ്ഞെടുക്കുക. കാരണം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത് വലിയ ചെലവ് ആണ്.
ഹോട്ടൽ റൂമുകൾ എല്ലാം വളരെ ചെറുത് ആയിരിക്കും. ഉറങ്ങാം എന്ന് മാത്രം. ഇന്ത്യയിലെ ഹോട്ടലുകൾ നൽകുന്ന സൗകര്യം ഒന്നും കാണില്ല.
നമ്മുടെ ഫോൺ adaptor കൊണ്ട് അവിടുത്തെ പ്ലഗ് പോയിന്റിൽ മൊബൈൽ ചാർജ് ചെയ്യാൻ കഴിയില്ല. അതിന് പ്രത്യേക adaptor മേടിക്കണം. രസകരമായ കാര്യം സ്വിറ്റ്സർലൻഡിൽ ഉപയോഗിക്കുന്ന adaptor മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കാൻ പറ്റില്ല. അതിന് വേണ്ടി വേറെ adaptor വാങ്ങണം. രണ്ടും കൂടി വാങ്ങിയപ്പോൾ വില ഏതാണ്ട് 24 സ്വിസ് ഫ്രാങ്ക് ആയി (Rs. 2400/-)..!
ഇന്ത്യൻ മൊബൈൽ ഫോണിൽ ഇന്റർനാഷണൽ റോമിങ്ങ് ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാം. അതിന് പ്രത്യേക പാക്കുകൾ ഉണ്ട്. ജിയോ യുടെ 2900/- രൂപയുടെ പാക്ക് ആണ് ഞാൻ എടുത്തത്. പോകുന്നതിന് മുൻപ് തന്നെ ഇന്റർനാഷണൽ റോമിങ് ആക്റ്റീവ് ചെയ്യണം. നല്ല കത്തി റേറ്റ് ആണ്. ഫോണിൽ ഉള്ള അനാവശ്യ ആപ്പുകൾ ഒക്കെ ഡിലീറ്റ് ചെയ്താൽ ഡാറ്റ ഉപയോഗം പരമാവധി കുറയ്ക്കാൻ കഴിയും. എല്ലായിടത്തും wifi സൗകര്യം ഉള്ളത് കൊണ്ട് അത് പരമാവധി ഉപയോഗിക്കാൻ ശ്രമിച്ചാൽ ചെലവ് കുറക്കാം.
സ്വിറ്റ്സർലൻഡിൽ എല്ലാം organized ആണ്. നമുക്ക് തന്നെ എല്ലാം ചെയ്യാവുന്നതേ ഉള്ളൂ. ഞങ്ങൾക്ക് ഒരു സുഹൃത്തിന്റെ സഹായം ഉണ്ടായിരുന്നു.
‘സ്വിസ്സ് പാസ്സ്’ എന്ന ട്രാവൽ പാസ്സ് എടുത്താൽ സ്വിറ്റ്സർലൻഡിൽ ബസ്, ട്രെയിൻ, ട്രാം, ബോട്ട് ഇവയിൽ ഏതിലും യാത്ര ചെയ്യാം. 4 ദിവസത്തെ സ്വിസ്സ് പാസ്സ് എടുത്തപ്പോൾ ഒരാൾക്ക് വന്നത് 295 സ്വിസ് ഫ്രാങ്ക് ആയിരുന്നു (Rs. 29000/-). ഫാമിലിക്ക് ഒപ്പമുള്ള കുട്ടികൾക്ക് ഫ്രീ ആണ്.
സ്വിസ്സ് പാസ്സ് ഉപയോഗിച്ചാൽ നമ്മൾ പോകുന്ന സ്ഥലങ്ങളിൽ കേബിൾ കാർ, മ്യൂസിയം തുടങ്ങിയ പല സ്ഥലങ്ങളിലും 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.
ഭക്ഷണം ചെലവേറിയത് തന്നെയാണ്. എല്ലായിടത്തും സ്റ്റാർബക്സ്, മക്ഡോണൾഡ്, ബർഗർ കിങ്ങ് ഒക്കെ ഉള്ളത് കൊണ്ടും, യാത്രയിൽ സമയം ലഭിക്കാനും, പൈസ ലഭിക്കാനും ഞങ്ങൾ കൂടുതലും തിരഞ്ഞെടുത്തത് ഇവയൊക്കെയാണ്. മൂന്ന് പേർ ഒരു നേരത്തെ ഭക്ഷണം കഴിച്ചാൽ ഏകദേശം Rs. 2500 – 3000/- രൂപ ആകും.
സ്വിറ്റ്സർലൻഡിൽ എല്ലാം വളരെ സിസ്റ്റമാറ്റിക്ക് ആയത് കൊണ്ട് തന്നെ ദൂരം ഒന്നും ഒരു പ്രശ്നം അല്ല. ഒരു 5 ദിവസം കൊണ്ട് അത്യാവശ്യം സ്ഥലങ്ങൾ എല്ലാം കാണാൻ കഴിയും.
ഇന്ത്യയിലെ പോലെ ആശുപത്രിയിൽ ഓടി ചെന്നാൽ ഉടൻ മരുന്ന് ഒന്നും കിട്ടില്ല. അതുകൊണ്ട് അത്യാവശ്യം വേണ്ട മരുന്നുകൾ എല്ലാം കയ്യിൽ കരുതുക.
ഊട്ടി, കൊടൈക്കനാൽ തണുപ്പ് അല്ല യൂറോപ്പിൽ ഉള്ളത്. അതുകൊണ്ട് തണുപ്പ് കാലത്ത് യൂറോപ്പിൽ പോകുന്നവർ നല്ല ജാക്കറ്റ്, Winter cap, Winter neck warmer, Thermals (Top and pant), Quality boot, Winter socks,
Winter gloves, Lip balm, moisturizer ഇവയൊക്കെ കരുതുക.
തണുപ്പ് സമയത്താണ് പോകുന്നത് എങ്കിൽ അധികം ഡ്രസ്സ് കൊണ്ടു പോകേണ്ട കാര്യം ഇല്ല. എന്ത് ഡ്രസ്സ് ഇട്ടാലും ജാക്കറ്റ് ഇടണം.
ചെവിയിൽ കാറ്റ് കയറിയാൽ പണി കിട്ടും. അതുകൊണ്ട് ചെവിയും, തൊണ്ടയും കവർ ചെയ്യാൻ ശ്രമിക്കണം.
ഇറ്റലിയിൽ പോക്കറ്റടി വ്യാപകം ആണ്. വളരെ വലിയ ഗ്യാങ്ങ് ആണ്. പൊലീസിൽ പരാതിപെട്ടിട്ട് ഒരു കാര്യവും ഇല്ല. കേരളത്തിൽ നിന്ന് രണ്ടാഴ്ച മുൻപ് റോമിൽ പോയ ഒരു ബിഷപ്പിന്റെ 1000 യൂറോ, പാസ്പോർട്ട് എല്ലാം അടിച്ചു കൊണ്ടു പോയി. യാത്രയിൽ പരിചയപ്പെട്ട, US ൽ താമസിക്കുന്ന ഒരു മലയാളി കുടുംബവും ഇതേപോലെ മോഷണത്തിന് ഇരയായി.
വെനീസിൽ നിന്ന് റോമിലേക്ക് അല്ലാതെ, ഇറ്റലിയിലെ ഞങ്ങളുടെ യാത്ര കാറിൽ ആയിരുന്നു. ഞങ്ങൾ താമസിച്ചത് സിസ്റ്റർമാരുടെ കോൺവെന്റിൽ ആയിരുന്നു. ജാക്കറ്റിന്റെ മുന്നിലെ പോക്കറ്റിൽ കുറച്ച് യൂറോയും, ക്രെഡിറ്റ് കാർഡും ഇട്ടായിരുന്നു ഇറ്റലിയിലെ യാത്ര.
മിലാനിൽ ഒരു സുഹൃത്ത് ഏർപ്പാട് ആക്കിയ സ്ഥലത്ത് ആയിരുന്നു താമസം, റോമിൽ സിസ്റ്റർമാർ നടത്തുന്ന കോൺവെന്റിലും.
കറൻസി ആയി കുറച്ച് സ്വിസ് ഫ്രാങ്ക്, യൂറോയും കരുതിയിരുന്നു. പക്ഷെ എല്ലായിടത്തും കാർഡ് ഉപയോഗിക്കാം. അതുകൊണ്ട് കറൻസി അധികം ഉപയോഗിക്കേണ്ടി വന്നില്ല. പ്രീപെയ്ഡ് Forex കാർഡ് അല്ലെങ്കിൽ കൺവെർഷൻ ചാർജ് ഇല്ലാത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.
സ്വിറ്റ്സർലൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഇറ്റലി വളരെ ചീപ്പ് ആണ്. സ്വിറ്റ്സർലൻഡിൽ ഒരു കോഫിക്ക് 600 ഇന്ത്യൻ രൂപ കൊടുക്കണം എങ്കിൽ ഇറ്റലിയിൽ അത് 150 രൂപ മതിയാകും. അതുപോലെ ഇറ്റലിയിൽ ഭക്ഷണത്തിന് നിരവധി ഓപ്ഷൻസ് ഉണ്ട്. വൈവിദ്ധ്യം നിറഞ്ഞ ഭക്ഷണം ഇഷ്ട്ടപെടുന്നവർക്ക് ഇറ്റലി നല്ല ഓപ്ഷൻ ആണ്.
ഇറ്റലിയിൽ മലയാളി ഹോട്ടലുകൾ ഉണ്ട്. മൂന്ന് പേർക്ക് ഏകദേശം 30 യൂറോ (2700 രൂപ )ക്ക് കേരള മീൻ കറിയും, അങ്കമാലി മാങ്ങാ കറിയും ഒക്കെ കൂട്ടി നല്ല കിടിലൻ ഊണ് കഴിക്കാം.
സ്വിറ്റ്സർലണ്ടിലും, ഇറ്റലിയിലും സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് ഒത്തിരി സഹായം ലഭിച്ചു. രണ്ട് മൂന്ന് ദിവസം ഭക്ഷണം സുഹൃത്തുക്കളുടെ വീട്ടിൽ നിന്നായിരുന്നു. സ്വിറ്റ്സർലൻഡിൽ കപ്പയും മീൻ കറിയും ഉൾപ്പെടെ ഗംഭീര ഡിന്നർ തന്നെയാണ് സുഹൃത്തും കുടുംബവും ഒരുക്കിയത്. ഇറ്റലിയിലെ മിലാനിലും അടിപൊളി ഭക്ഷണം ആയിരുന്നു സുഹൃത്തിന്റെ വീട്ടിൽ. (അവരുടെ സ്വകാര്യതയെ മാനിക്കേണ്ടത് കൊണ്ട് അവരെ ടാഗ് ചെയ്യുന്നില്ല)
വത്തിക്കാനിൽ മാർപ്പാപ്പയെ കാണണം എങ്കിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ 7.30 മുതൽ ആണ് സമയം (PAPAL AUDIENCE). രാവിലെ 8.30 ന് മാർപാപ്പ തുറന്ന വാഹനത്തിൽ സൈന്റ്റ് പീറ്റേഴ്സ് സ്‌ക്വറിൽ എത്തും. അതിന് ടിക്കറ്റ് വേണം എങ്കിലും, ടിക്കറ്റ് ഇല്ലാതെയും ചിലപ്പോൾ സന്ദർശകരെ പ്രവേശിപ്പിക്കും.
പല സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ സഹായം ഉള്ളത് കൊണ്ട് കുറെ ചെലവുകൾ കുറയ്ക്കാൻ കഴിഞ്ഞു. ഉദ്ദാഹരണത്തിന് ‘മിലാനിലെ’ ഡോമോ പള്ളിയിൽ പോയപ്പോൾ ടിക്കറ്റ് എടുക്കണം. ഒരാൾക്ക് 25 യൂറോ എന്തോ ആയിരുന്നു. സുഹൃത്ത് പറഞ്ഞു ‘അവിടെ നിൽക്കുന്ന സെക്യൂരിറ്റിയോട് പറഞ്ഞാൽ മതി ‘പ്രാർത്ഥിക്കാൻ വന്നതാണ് ‘ എന്ന്. അതുപോലെ പറഞ്ഞു, ടിക്കറ്റ് എടുക്കാതെ തന്നെ പള്ളിയിൽ കയറി പ്രാർത്ഥിച്ചു. സുഹൃത്ത് ഇല്ലായിരുന്നു എങ്കിൽ ഞങ്ങൾക്ക് ഏകദേശം 75 യൂറോ ചെലവായേയേനെ.
ഗ്രൂപ്പ് ആയി അല്ലെങ്കിൽ പാക്കേജ് എടുത്ത് പോകുന്നതാണോ നല്ലത് എന്ന് ചോദിച്ചാൽ, ഗ്രൂപ്പ് അല്ലെങ്കിൽ പാക്കേജ് ടൂർ പോയാൽ നമ്മൾ ഗൈഡിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അവരാണ് നമ്മൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത്. നമുക്ക് താല്പര്യം ഇല്ലെങ്കിലും ചിലയിടത്ത് പോകേണ്ടി വരും. യാത്ര മുഴുവൻ ഓട്ടപ്രദിക്ഷിണം ആയിരിക്കും. പേരിന് കുറെ സ്ഥലങ്ങൾ കണ്ടു എന്ന് വരുത്തും. അതുപോലെ തന്നെ ചെലവും കൂടുതൽ ആയിരിക്കും.
വിദേശത്തുള്ള സുഹൃത്തുക്കൾ, ഒത്തിരി യാത്ര നടത്തിയവർ ഒക്കെ ഫ്രണ്ട്‌സ് സർക്കിളിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ ചോദിച്ചും, നമ്മൾ തന്നെ കുറച്ചു ഗവേഷണം നടത്തിയും ഒക്കെ യാത്ര ചെയ്യാം. അതാണ് കൂടുതൽ മികച്ചതും, ചെലവ് കുറവും.
യാത്രയുടെ ചെലവ് പൂർണമായും നമ്മുടെ രീതികൾ പോലെ ഇരിക്കും. 3 പേർക്ക് 5 ലക്ഷം രൂപ മുടക്കിയും സ്വിറ്റ്സർലൻഡ്, ഇറ്റലി, വത്തിക്കാൻ സിറ്റി എന്നീ രാജ്യങ്ങൾ കണ്ടുവരാം, അതുപോലെ 10 ലക്ഷം മുടക്കിയും പോയി വരാം.
ഞാൻ എഴുതിയത് ഞങ്ങളുടെ യാത്രയിൽ ചെയ്ത കാര്യങ്ങളും, ഉണ്ടായ അനുഭവങ്ങളും ആണ്.
യാത്രയിൽ പോയ സ്ഥലങ്ങളെ കുറിച്ചും മറ്റും വേറൊരു കുറിപ്പ് എഴുതാം
Discussion about this post