ചെന്നൈ: അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് പ്രമുഖ നടനിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വ്യക്തമാക്കി നടി ഖുശ്ബു. മോശമായി പെരുമാറിയ നടനെ ചെരുപ്പൂരി അടിയ്ക്കാൻ തുനിഞ്ഞുവെന്നും ഖുശ്ുബു പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വിമെൻ സേഫ്ടി ഇൻ സിനിമ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു. നേരത്തെ സംവിധായകനിൽ നിന്നും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിരുന്നതായി നടി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു പ്രമുഖ നടനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. ഷൂട്ട് കഴിഞ്ഞ് വിശ്രമിക്കുന്ന സമയം ആയിരുന്നു. ഇതിനിടെ തന്റെ അടുത്ത് വന്ന നടൻ ഒരു ചോദ്യം ചോദിച്ചു. ആരും അറിയാതെ എനിക്ക് ഒരു ചാൻസ് തരാമോ എന്നായിരുന്നു നടൻ ചോദിച്ചത്. ഇത് കേട്ട എനിക്ക് ദേഷ്യം വന്നു. ഞാൻ ചെരുപ്പ് കയ്യിലെടുത്തു.
ഇവിടെ വച്ച് തല്ലണോ അതോ യൂണിറ്റിന്റെ മുൻപിൽവച്ച് തല്ലണോ എന്ന് ഞാൻ അയാളോട് ചോദിച്ചു. സിനിമയിൽ വന്ന സമയം ആണ്. എന്റെ അഭിനയ ജീവിതം പോലും ഇതിനാൽ ബാധിക്കപ്പെട്ടേക്കാം. എന്നാൽ ആ സമയം അതൊന്നും ആലോചിച്ചില്ല. എനിക്ക് ആ സമയം എല്ലാറ്റിലും വലുത് എന്റെ ആത്മാഭിമാനം ആണ്. അതുകൊണ്ട് തന്നെ അതിന് പ്രാധാന്യം നൽകി. സ്ത്രീകൾ സ്വയം ബഹുമാനിക്കണം. എന്നാലേ നിങ്ങളെ മറ്റുള്ളവരും ബഹുമാനിക്കുകയുള്ളൂ.
എല്ലാ മേഖലയിലും സ്ത്രീകൾ ചൂഷണം അനുഭവിക്കുന്നുണ്ട്. ഷെയർ ഓട്ടോയിലും ട്രെയിനിലും എന്തിന് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ വരെ ചൂഷണം ചെയ്യപ്പെട്ടേക്കാം. എന്നാൽ ഇതുകൊണ്ട് ഭയന്ന് ഇരിക്കുകയല്ല. മറിച്ച് പ്രതികരിക്കുകയാണ് വേണ്ടത് എന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
Discussion about this post