എറണാകുളം : ശബരിമലയിലേക്കുള്ള വഴിപാടുകൾ ഇനി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇ-കാണിക്കയായി സമർപ്പിക്കാം. വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര ടെർമിനലിലെ ആഗമന ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ശബരിമല തീർഥാടകർക്കും ഭക്തർക്കുമായി 24 മണിക്കൂറും ഇൻഫർമേഷൻ സെന്‍ററിന്‍റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
വഴിപാടുകൾ നടത്താനുള്ള ‘ഇ-കാണിക്ക’ സൗകര്യത്തിനൊപ്പം അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും ഈ കൗണ്ടർ വഴി നടത്താവുന്നതാണ്. ഇത് കൂടാതെ ഇൻഫർമേഷൻ സെന്‍ററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി ശബരിമലയിലെ അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് അപ്പം, അരവണ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലെ ഇൻഫർമേഷൻ സെന്ററിൽ ബുക്ക് ചെയ്‌ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് കൗണ്ടറിൽ ചെന്നാൽ അപ്പവും അരവണയും ലഭ്യമാകും. കൂടാതെ കൊച്ചി വിമാനത്താവളത്തിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസും എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്.
Discussion about this post