മുംബൈ: തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ മഹാരാഷ്ട്രയിൽ കൊടുങ്കാറ്റായി മഹായുതി സഖ്യം. 288 സീറ്റുകളിൽ 218 ഇടത്തും എൻഡിഎ സഖ്യം വ്യക്തമായ വോട്ട് വിഹിതത്തോടെ മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ. കേവലഭൂരിപക്ഷത്തിനും അപ്പുറമാണ് മഹാരാഷ്ട്രയിൽ കാവിതരംഗത്തിന്റെ തേരോട്ടം.
149 ഇടത്ത് മത്സരിച്ച ബിജെപി 97 ലധികം സീറ്റുകളിലും 81 ഇടത്ത് മത്സരിച്ച ശിവസേന ഷിൻഡെ വിഭാഗം 50 ഇടത്തും 59 ഇടത്ത് മത്സരിച്ച എൻസിപി അജിത് പവാർ പക്ഷം 31 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്. കാവിതേരോട്ടത്തിൽ മഹാരാഷ്ട്രയിൽ ഇൻഡി സഖ്യം തകർന്നടിയുന്ന കാഴ്ചയാണ്. 65 സീറ്റുകളിൽ മാത്രമാണ് ഇൻഡി സഖ്യം ഭേദപ്പെട്ട മത്സരം കാഴ്ച വയ്ക്കുന്നത്. 101 ഇടത്ത് മത്സരിച്ച കോൺഗ്രസ് 24 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. 95 ഇടത്ത് മത്സരിച്ച ശിവസേന 19 ഇടത്തും, 86 ഇടത്ത് മത്സരിച്ച എൻസി 25 ഇടത്തും ലീഡ് ചെയ്യുന്നു.
മിലിന്ദ് ദേവ്റ ( ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ), ആദിത്യ താക്കറെ (ശിവസേന യുബിടി), സന്ദീപ് ദേശ്പാണ്ഡെ (എംഎൻഎസ്) എന്നിവർ മത്സരിക്കുന്ന വോർലിയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് യുദ്ധഭൂമിയിലെ പ്രധാനമണ്ഡലങ്ങളിലൊന്ന് അജിത് പവാറും അദ്ദേഹത്തിന്റെ ചെറുമകൻ യുഗേന്ദ്ര പവാറും തമ്മിലുള്ള ഏറ്റുമുട്ടലാണ് ബാരാമതിയിൽ. നാഗ്പൂർ സൗത്ത് വെസ്റ്റിൽ, കോൺഗ്രസിന്റെ പ്രഫുൽ ഗുദാധേയുടെ വെല്ലുവിളികൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാലാം തവണയും വിജയം ലക്ഷ്യമിടുന്നു.
അതേസമയം എക്‌സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടിയാണ് മഹാരാഷ്ട്രയിൽ മഹായുതി കുതിക്കുന്നത്. മഹായുതി 118 മുതൽ 175 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം.
Discussion about this post