മലയാളത്തിലെ പ്രശസ്ത അഭിനേത്രിയായിരുന്നു കെപിഎസി ലളിത. 1970 ൽ ഉദയയുടെ ബാനറിൽ കൂട്ടുകുടുംബം എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി ഏതാണ് അഞ്ഞൂറ്റിയൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്ക് രണ്ടു വട്ടം ദേശീയ പുരസ്കാരം നേടിയ ലളിത സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കഥ തുടരും എന്ന ആത്മകഥയിൽ തന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ച്ചകളും ലളിത വിവരിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഭരതനുമായുള്ള പ്രണയവും ജീവിതവുമെല്ലാം ഹൃദയസ്പർശിയായ ഭാഷയിൽ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയം എങ്ങനെയാണ് തുടങ്ങിയതെന്നും താൻ ഭരതനുമായി ആദ്യം അടുപ്പത്തിലാകുന്നതെങ്ങനെയെന്നും പറയുന്നു.
പ്രശസ്തമലയാള നടിയായിരുന്ന ശ്രീവിദ്യയുമായി ഭരതനുണ്ടായിരുന്ന പ്രണയബന്ധത്തിലെ ഹംസമായിരുന്നു താനെന്ന് കെപിഎസി ലളിത ആത്മകഥയിൽ പറയുന്നു. രണ്ടരക്കൊല്ലമായിരുന്നു പ്രണയം നീണ്ടുനിന്നത്. ചെന്നൈയിൽ താമസിച്ചപ്പോൾ കെപിഎസി ലളിതയുടെ വീട്ടിൽ സ്ഥിരമായി എത്തുമായിരുന്നു ഭരതൻ. ശ്രീവിദ്യയുടെ വീട്ടിൽ ഫോൺ ചെയ്യാനായിരുന്നു വരവ്. ആണുങ്ങൾ വിളിച്ചാൽ ശ്രീവിദ്യക്ക് ഫോൺ കൊടുക്കില്ല. അതുകൊണ്ട് ലളിത ആണ് ഫോൺ ചെയ്ത് ഭരതനു കൊടുക്കുന്നത്.
ശ്രീവിദ്യ ഭരതന്റെ വീട്ടുകാരുമായൊക്കെ നല്ല ബന്ധമായിരുന്നു. അവരൊരുമിച്ച് ഗുരുവായൂരിൽ നിന്നെടുത്ത ചിത്രം തന്റെ കയ്യിലുണ്ടെന്നും ലളിത ആത്മകഥയിൽ പറയുന്നു. തനിക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായില്ല.. ഹംസമായിരുന്ന താൻ ഒടുവിൽ ഭരതനെ വിവാഹം കഴിക്കുകയായിരുന്നു. പ്രണയത്തിനപ്പുറം വിവാഹത്തിനുള്ള താത്പര്യമായിരുന്നു ഭരതൻ ആദ്യം പറഞ്ഞതെന്നും ലളിത പറയുന്നുണ്ട്.
Discussion about this post