കൊൽക്കത്ത: പശ്ചിമ ബംഗാൾ പിടിയ്ക്കാൻ കരുനീക്കങ്ങൾ ആരംഭിച്ച് സിപിഎം. പാർട്ടിയെ കരകയറ്റാൻ രാഷ്ട്രീയ വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്താനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പരസ്യവും പാർട്ടി നൽകിയിട്ടുണ്ട്. 2026 ലാണ് ബംഗാളിൽ ഇനി നിയമസഭാ തിരഞ്ഞെടുപ്പ്.
കൃത്യമായ നിരീക്ഷണവും നിർദ്ദേശവും ഇല്ലാത്തതാണ് പാർട്ടിയുടെ പരാജയത്തിന് കാരണം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ രാഷ്ട്രീയവിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. പാർട്ടിയിലെ ബുദ്ധികേന്ദ്രങ്ങൾ വിചാരിച്ചാൽ മാത്രം സിപിഎം രക്ഷപ്പെടില്ലെന്നാണ് നേതാക്കൾക്കിടയിലെ സംസാരം.
സിപിഎം ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമിന്റെ ഫേയ്‌സ്ബുക്ക് പേജിസാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയം വിഷയമായി ഇന്റേൺഷിപ്പ് ചെയ്യാൻ താത്പര്യമുള്ളവർ, മാദ്ധ്യമമേഖലയിൽ പ്രാവീണ്യമുള്ള കണ്ടന്റ് റൈറ്റേഴ്സ്, ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് എന്നിവർക്കായും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അതിശക്തമായ തിരിച്ചടി ആയിരുന്നു പാർട്ടിയ്ക്ക് നേരിടേണ്ടി വന്നത്. സംസ്ഥാനം പിടിയ്ക്കാൻ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടും അതൊന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നില്ല. ഇതോടെയാണ് പുറത്ത് നിന്നുള്ള ഉപദേശങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചത്.
Discussion about this post