പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്. എബിവിപി ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നഴ്സിങ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളേജിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും വീഴ്ചയിൽ പ്രതിഷേധിച്ചും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും ആണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
അമ്മു സജീവന്റെ മരണത്തിൽ പ്രതിഷേധങ്ങൾ വ്യാപിപ്പിക്കുകയാണ് എബിവിപി. വിഷയത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാരോപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിലേയ്ക്ക് എബിവിപി മാർച്ച് നടത്തി. എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് എബിവിപി ജില്ലാ അധ്യക്ഷൻഅരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഒന്നര മണിക്കൂർ താമസമുണ്ടായതിനാലുള്ള ആന്തരിക രക്തശ്രാവമാണ് അമ്മുവിന്റെ മരണകാരണമെന്ന് അദ്ദേഹം ആരോപിച്ചു. കളക്ടറേറ്റിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ആരോഗ്യ മന്ത്രിയുടെ ഓഫീസിനു മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. അമ്മു സജീവന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി വ്യക്തമാക്കി.
Discussion about this post