നമ്മുടെ രാജ്യത്ത് നിന്ന് വിദ്യാഭ്യാസത്തിനും ജോലിക്കായും എന്തിന് വിനോദസഞ്ചാരത്തിനുമായി വരെ വിദേശത്തേക്ക് പറക്കുന്ന ആളുകളുടെ എണ്ണം വലിയ തോതി. വർദ്ധിക്കുകയാണ്. വിദേശമാണ് സ്വർഗം,സ്വപ്നലോകം എന്ന ധാരണയോടെയാണ് പലരും കടൽ കടക്കുന്നത്. യഥാർത്ഥത്തിൽ, ദൃശ്യഭംഗിയാലും സംസ്കാരങ്ങളാലും,എല്ലാം സമ്പന്നമായ സ്വന്തം നാടും രാജ്യവും ഒന്നും രണ്ട് ദിവസം പോലും ചുറ്റിയടിച്ച് കാണാത്തവരാണ് വിദേശരാജ്യങ്ങളെ പുകഴ്ത്തുകയും സ്വന്തം രാജ്യത്തെ ഇകഴ്ത്തുകയും ചെയ്യുന്നത്. ഈ അവസരത്തിൽ ജിതിൻ ജേക്കബ് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്
കുറിപ്പിൻ്റെ പൂർണരൂപം.
യൂറോപ്പ് ഒരു സ്വപ്ന ലോകം ആണോ..?
ഇന്ത്യ മുഴുവൻ യാത്ര ചെയ്തിട്ടുള്ള ഒരാൾക്ക്, വീണ്ടും പറയുന്നു, ഇന്ത്യ മുഴുവൻ യാത്ര ചെയ്തിട്ടുള്ള ഒരാൾക്ക് യൂറോപ്പ് ഒരു വിസ്മയം ആയി തോന്നില്ല.
നമുക്ക് ഇല്ലാത്തത് എന്താണ്..?
കടൽ, കായൽ, നദികൾ, മരുഭൂമി, പർവതങ്ങൾ, മഞ്ഞുമലകൾ, പുൽമേടുകൾ, എന്തും വിളയുന്ന കൃഷിയിടങ്ങൾ… കാലാവസ്ഥ നോക്കിയാൽ ചൂട്, തണുപ്പ്, മഴ, മഞ്ഞു വീഴ്ച്ച എല്ലാം നമുക്കുണ്ട്.
ഇനി ചരിത്രപരമായ നിർമിതികൾ നോക്കിയാലോ, ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിർമിതികൾ നമ്മുടെ രാജ്യത്തുണ്ട്.
പക്ഷെ നിർഭാഗ്യവശാൽ നമ്മൾ ആരും തന്നെ ഇന്ത്യയെ പൂർണമായും കണ്ടിട്ടില്ല. ഇന്ത്യയിൽ ഉള്ള പലതിനെയും കുറിച്ച് നമുക്ക് അറിവുകൾ പോലുമില്ല. ഇവിടെയൊന്നുമില്ല എന്ന് നിരാശപ്പെട്ട് നമ്മൾ വിദേശത്തേക്ക് നോക്കി കണ്ണ് മഞ്ഞളിച്ച് ഇരിക്കുക ആണ്.
സ്വിറ്റ്സർലണ്ട് ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നം ആണല്ലോ. എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹം ആണ് ഒരിക്കൽ എങ്കിലും സ്വിറ്റ്സർലൻഡിൽ പോകണം എന്നത്. ഇന്ത്യയിൽ ഒത്തിരി യാത്ര ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ സ്വിറ്റ്സർലൻഡ് എന്നെ വലിയ രീതിയിൽ ആകർഷിച്ചില്ല എന്നതാണ് സത്യം.
വൃത്തിയുള്ള തെരുവുകൾ, വളരെ കൃത്യതയാർന്ന ഗതാഗത സംവിധാനങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി സംരക്ഷണം ഇവയിലൊക്കെ സ്വിറ്റ്സർലൻഡ് ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. അതേസമയം നമ്മുടെ ഹിമാചൽ അല്ലെങ്കിൽ കശ്മീർ – ലേഹ്, തവാങ്ങ്, ഷില്ലോങ്ങ് തുടങ്ങിയ സ്ഥലങ്ങളിൽ ഒക്കെ കാണുന്ന പ്രകൃതി ഭംഗി തന്നെയാണ് സ്വിറ്റ്സർലൻഡിലേത്. ഒരുപക്ഷെ സ്വിറ്റ്സർലാണ്ടിലേക്കാൾ മികച്ച കാഴ്ചകൾ കശ്മീരിൽ കാണാൻ സാധിക്കും.
നിരവധി കായലുകൾ സ്വിറ്റ്സർലൻഡിൽ ഉണ്ട്. പക്ഷെ ലേഹ് യിലെ പാങ്ങോങ് പോലെ സുന്ദരമായ തടാകം അപൂർവം ആയിരിക്കും. (Three idiots സിനിമയുടെ ക്ലൈമാക്സിൽ കാണിക്കുന്നതാണ് പാങ്ങോങ് തടാകം).
വ്യത്യാസം എന്താണെന്ന് വെച്ചാൽ സ്വിറ്റ്സർലൻഡിൽ ചെറിയ ഒരു സംഭവം ആണെങ്കിലും അവർ മികച്ച അടിസ്ഥാന സൗകര്യം ഒക്കെ ഒരുക്കി, വൃത്തിയായി സംരക്ഷിക്കും. ടൂറിസ്റ്റുകൾക്ക് എന്ത് വേണം എന്ന് അവർക്ക് വ്യക്തമായി അറിയാം. അതിനെല്ലാം അവർ ചാർജും ഈടാക്കും എന്നത് വേറെ കാര്യം.
സ്വിറ്റ്സർലൻഡിലെ ഏത് മലനിരകളിലേക്കും കേബിൾ കാർ, ചെറിയ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. മല മുകളിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ, കോഫി ഷോപ്പുകൾ എല്ലാം ഉണ്ടാകും. സഞ്ചാരികൾക്ക് വേണ്ട മിനിമം സൗകര്യങ്ങൾ അവിടെയുണ്ട്.
കശ്മീരിലും, ഹിമാചാലിലും, ലേഹ് യിലും എല്ലാം നാല് വശവും മഞ്ഞു മലകൾ ആണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ മഞ്ഞു പെയ്യും. പക്ഷെ നമ്മൾ ആ സമയം ഓഫ് സീസൺ എന്ന് പറഞ്ഞ് അടച്ചിടും. യൂറോപ്പ് ആ സമയത്തും വിന്റർ ടൂറിസം നടത്തി കാശ് ഉണ്ടാക്കും. അതേസമയം യൂറോപ്പിൽ ചെലവ് കൂടുതൽ ആയത് കൊണ്ട് ഡിസംബർ മുതൽ ഫെബ്രുവരിവരെ യൂറോപ്പിൽ നിന്നുള്ളവർ ഇന്ത്യയിൽ എത്തി സ്കീയിൻഗ് എല്ലാം നടത്തി തിരിച്ചു പോകും.
അതുപോലെ നമുക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ വൃത്തിയായി സംരക്ഷിക്കാൻ അറിയില്ല. അടിസ്ഥാന സൗകര്യ വികസനങ്ങളും പരിമിതം. വൃത്തിയുള്ള ഒരു ടോയ്ലറ്റ് പോലും ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കാണാൻ കഴിയില്ല.
The Rhine Falls എന്ന ലോക പ്രശസ്തമായ ഒരു വെള്ളച്ചാട്ടം സ്വിറ്റ്സർലൻഡ് – ജർമ്മനി അതിർത്തിയിൽ ഉണ്ട്. സത്യത്തിൽ നമ്മുടെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മൂന്നിൽ ഒന്ന് പോലുമില്ല Rhine falls. പക്ഷെ വലിയ സംഭവം ആക്കി സ്വിറ്റ്സർലണ്ട് അത് മാർക്കറ്റ് ചെയ്യുന്നു. സഞ്ചാരികൾക്ക് ടിക്കറ്റ് എടുത്താൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടരികിൽ പോയി നിൽക്കാൻ ഉള്ള സൗകര്യം അവർ ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും, രൗദ്ര ഭാവവും നമുക്ക് തൊട്ടറിയാം. വെള്ളച്ചാട്ടത്തിന്റെ 100 മീറ്റർ മാറി റെയിൽവേ സ്റ്റേഷനും, കാർ പാർക്കിങ്, കോഫീ ഷോപ്പും ഒക്കെയുണ്ട്. അതിരപ്പള്ളിയിലെ അടിസ്ഥാന സൗകര്യ വികസനം പറയേണ്ടല്ലോ അല്ലേ..!
വെനീസ് – ആലപ്പുഴക്കാരനായ ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട് ആലപ്പുഴ അറിയപ്പെടുന്നത് ‘വെനീസ് ഓഫ് ഈസ്റ്റ്’ എന്നാണെന്ന്. ശരിക്കും ഇറ്റലിയിലെ വെനീസ് കണ്ടപ്പോൾ, ആലപ്പുഴയെ താരതമ്യം ചെയ്യാൻ എന്ത് കുന്തം ആണ് വെനീസിൽ ഉള്ളത് എന്ന് ആലോചിച്ചു പോയി.
കോട്ടയത്ത് നിന്ന് 10 രൂപ മുടക്കി സർക്കാർ നടത്തുന്ന ബോട്ടിൽ കയറി ആലപ്പുഴയിലേക്ക് യാത്ര നടത്തിയാൽ കാണുന്ന പ്രകൃതി സന്ദര്യത്തിന്റെ പത്തിൽ ഒന്ന് പോലും വെനീസിൽ ഇല്ല എന്നതാണ് യാഥാർഥ്യം.
യഥാർത്ഥത്തിൽ വെനീസിനെയാണ് വിളിക്കേണ്ടത് ‘ആലപ്പുഴ ഓഫ് വെസ്റ്റ്’ എന്ന്.
ആലപ്പുഴയെക്കാൾ വെനീസിനെ മുന്നിൽ നിർത്തുന്നത് മൂന്ന് കാര്യങ്ങളിൽ ആണ്. ഒന്ന് – വൃത്തി. രണ്ട് – മികച്ച അടിസ്ഥാന സൗകര്യ വികസനം. വൈകിട്ട് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞാൽ വെനീസ് കാണാൻ അതീവ സുന്ദരിയാണ്. കനാലിന് ഇരുവശവും പരമ്പരാഗത രീതിയിൽ ഉള്ള കെട്ടിടങ്ങൾ. മൂന്ന് – സഞ്ചരികൾക്ക് ആവശ്യമായത് എല്ലാം അവിടെയുണ്ട്. കോഫീ ഷോപ്പുകൾ, ബാറുകൾ, സുവനീർ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ. സന്ധ്യ കഴിഞ്ഞാൽ അത് വേറൊരു ലോകമാണ്.
അത് കണ്ടപ്പോൾ ആണ് ഓർത്തത് ആലപ്പുഴയെ നമുക്ക് എത്ര സുന്ദരി ആക്കി എടുക്കാം എന്ന്. അതിനുള്ള കഴിവ് നമുക്ക് ഇല്ലാതായിപ്പോയി.
Art & Architechture – ലോകത്തിലെ ഏറ്റവും മികച്ച കലാരൂപങ്ങളും, ശിൽപ്പങ്ങളും ഉള്ള ഒരു രാജ്യം ഇറ്റലി ആണെന്നാണല്ലോ പറയാറ്. സത്യമാണ്, അതിഗംഭീരം ആണ് അവിടുത്തെ നിർമിതികളും, ശിൽപ്പങ്ങളും എല്ലാം. അതെല്ലാം പാരമ്പര്യം നിലനിർത്തി കൊണ്ട് തന്നെ വൃത്തിയായി സൂക്ഷിച്ചിട്ടുമുണ്ട്.
നമ്മളിൽ എത്ര പേർ 2000 വർഷത്തിൽ ഏറെ പഴക്കമുള്ള അജന്തയിലെ പെയിന്റിംഗുകൾ കണ്ടിട്ടുണ്ട്..? എല്ലോറ ക്ഷേത്രം കണ്ടിട്ടുണ്ടോ..? ഹംപിയിലെ നിർമിതികൾ കണ്ടിട്ടുണ്ടോ..? തഞ്ചാവൂരിലെ ബ്രഹദേശ്വര ക്ഷേത്രം കണ്ടിട്ടുണ്ടോ..? ബിസി കാലഘട്ടത്തിൽ നിർമിച്ച സാരനാഥിലെ നിർമിതികൾ കണ്ടിട്ടുണ്ടോ..? ബിസി 300 ൽ നിർമിച്ച മധ്യ പ്രദേശിലെ സാഞ്ചി സ്തൂപം കണ്ടിട്ടുണ്ടോ..? ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം കണ്ടിട്ടുണ്ടോ..? കാഞ്ജീപുരത്തെ ക്ഷേത്രങ്ങൾ കണ്ടിട്ടുണ്ടോ..?….
മുകളിൽ പറഞ്ഞ നിർമിതികൾ എല്ലാം ഇന്ത്യയിൽ ആണ്. പക്ഷെ നമ്മൾ ഇതൊന്നും കണ്ടിട്ടില്ല. എന്നിട്ട് വിദേശത്ത് പോയിട്ട് അവരുടെ ശിൽപ്പങ്ങളും, പെയിന്റിംഗുകളും ഒക്കെ കണ്ട് നമ്മൾ അത്ഭുതത്തോടെ വായും പൊളിച്ച് നിൽക്കും..!
ഇന്ത്യക്കാരേക്കാൾ കൂടുതൽ ഇന്ത്യയിലെ ഈ നിർമിതികളും, സ്ഥലങ്ങളും ഒക്കെ കണ്ടിട്ടുള്ളത് വിദേശികൾ ആണ് എന്നതാണ് യാഥാർഥ്യം.
ഇറ്റലിയിലെ അസ്സിസിയിലേക്ക് ഉള്ള യാത്രയ്ക്ക് ഇടയിൽ ഒരു അമേരിക്കൻ ഗ്രൂപ്പുമായി പരിചയപ്പെട്ടു. കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് കേരളത്തെ കുറിച്ച് പറയാൻ നൂറ് നാവ്. അഞ്ചു തവണ ഇന്ത്യയിൽ വന്നിട്ടുണ്ട് എന്നും, കേരളത്തിൽ ആയുർവേദ ചികിത്സ നടത്തി അസുഖം ഭേദമയതും എല്ലാം അവർ പറഞ്ഞു.
ഞാൻ ആലോചിച്ചു, കേരളത്തിൽ മാധ്യമങ്ങളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ ആണെങ്കിലും ആയുർവേദം എന്ന് കേട്ടാൽ പുച്ച്ഛവും, പരിഹാസവും ആണ്. നമ്മൾ പരമാവധി ഇകഴ്ത്താൻ നോക്കുമ്പോൾ വിദേശികൾക്ക് ആയുർവേദത്തിൽ വിശ്വാസം ആണ്.
‘യോഗ’ തട്ടിപ്പാണ് എന്ന് പറയുന്നത് കൂടുതലും ഇന്ത്യക്കാർ ആണ്. അതേസമയം വിദേശികൾ യോഗ അഭ്യസിക്കുന്നു.
നമ്മുടെ കളറിപ്പയറ്റ് ഒക്കെ പഠിക്കാൻ വിദേശികൾ കേരളത്തിലേക്ക് ഇപ്പോഴും വരുന്നു എന്ന് അറിയാമോ..? നമ്മുടെ നാട്ടിൽ അതൊക്കെ അന്യം നിന്ന് പോകുകയാണ്.
വിദേശത്തുള്ളത് എല്ലാം മോശമാണ് എന്നോ, ഇന്ത്യയിൽ എല്ലാം മഹത്തരം ആണെന്നോ അല്ല പറഞ്ഞത്. രണ്ടും നല്ലത് തന്നെയാണ്. പക്ഷെ നമ്മുടെ ഒരു ധാരണ ഇന്ത്യ മോശമാണ്, ഇവിടെ ഒന്നുമില്ല എന്നൊക്കെയാണ്.
നമ്മുടെ രാജ്യം മഹത്തരമാണ് എന്ന് നമ്മൾ തിരിച്ചറിയാതെ പോകുന്നു. നമുക്ക് ലോകത്തിന് മുന്നിൽ അഭിമാനത്തോടെ കാണിക്കാൻ പലതുമുണ്ട്. പക്ഷെ നമുക്ക് അതിനെ കുറിച്ച് അറിയില്ല എന്നതാണ് സങ്കടകരം. ഇന്ത്യയിൽ യാത്ര ചെയ്ത്, ഇന്ത്യയെ പറ്റി കുറച്ച് എങ്കിലും മനസിലാക്കിയിട്ട് വിദേശത്ത് പോയാൽ ഇന്ത്യയുടെ മഹത്വം മനസിലാകും.
നമുക്ക് ഒന്നും വൃത്തിയായി സൂക്ഷിക്കാൻ അറിയില്ല. അച്ചടക്കം ഇല്ലാത്ത ജനതയാണ് നമ്മൾ. നമുക്ക് എല്ലാം ഉണ്ട്. എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മൾ. അത് തിരിച്ചറിയാത്തതാണ് നമ്മുടെ ദൗർബല്യം
Discussion about this post