അബുദാബി : പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ പുതിയ നടപടി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, ബന്ധുക്കൾ അംഗീകരിക്കുന്ന വ്യക്തികള്‍ക്കും മാത്രമേ ഇനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അനുവാദം നല്‍കുകയുള്ളൂ. ഈ പുതിയ നിയന്ത്രണങ്ങൾ പ്രവാസി കുടുംബങ്ങളെ തട്ടിപ്പിൽ നിന്നും രക്ഷിക്കാൻ സഹായകരമാകും എന്നാണ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ഏജന്റുമാര്‍ കുടുംബങ്ങളില്‍ നിന്ന് വലിയ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടർന്നാണ് നടപടി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവിനോ അവര്‍ അധികാരപ്പെടുത്തുന്ന വ്യക്തിക്കോ മാത്രമേ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിസ കാന്‍സല്‍ ചെയ്യുന്നതിനും പേപ്പറുകളില്‍ ഒപ്പിടാനും കഴിയുകയുള്ളൂ. മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഫണ്ട് വാങ്ങി തട്ടിപ്പ് നടക്കുന്നത് വ്യാപകമായതോടെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് സാമ്പത്തിക മാര്‍ഗമില്ലെന്ന് പറഞ്ഞ് കോണ്‍സുലേറ്റില്‍ നിന്ന് പണം വാങ്ങി പലരും തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് ദുബായ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്.
ഇനിമുതൽ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ ആവശ്യമാണ്. യുഎഇയിലെ എമിറേറ്റുകളിലുടനീളമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനല്‍ കോണ്‍സുലേറ്റിനുണ്ട്. മരിച്ചു പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സേവനങ്ങള്‍ ഇവർ സൗജന്യമായി കുടുംബങ്ങള്‍ക്ക് നല്‍കും. മാര്‍ഗനിര്‍ദേശത്തിനും സൗകര്യത്തിനും കുടുംബങ്ങള്‍ക്ക് 0507347676/ 800 46342 എന്നീ നമ്പറില്‍ ബന്ധപ്പെടാമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
Discussion about this post