കളിചിരികളുമായി ഒരു കുഞ്ഞെത്തിയാലേ..കുടുംബം പൂർണമാകൂ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരു കുഞ്ഞ് വന്നാൽ പിന്നെ വീട് ഉണർന്നു. എന്നാൽ ഈ ഭാഗ്യം ലഭിക്കാത്തവും ഉണ്ട്. അതിനായി മരുന്നും മന്ത്രവുമായി ദമ്പതികൾ നാട് ചുറ്റുന്നു. വന്ധ്യത ചികിത്സയ്ക്കായി ഒട്ടേറെ ക്ലിനുക്കുക്കളും ആശുപത്രികളും ഉണ്ടെങ്കിലും വ്യാജന്മാരുടെ കെണിയിൽ പോയി കണ്ണീരു കുടിക്കുന്നവരും ഉണ്ട്. അത്തരമൊരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആഫ്രിക്കൻ രാജ്യത്താണ് വൻ തട്ടിപ്പ് നടന്നത്. അന്താരാഷ്ട്ര മാദ്ധ്യമമായ ബിബസി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയായിരുന്നു.
തന്റെ കൈകളിൽ പിടിച്ചിരിക്കുന്ന ഹോപ് എന്ന കുഞ്ഞ് തന്റെ മകനാണെന്ന് ചിയോമ ഉറച്ചുനിൽക്കുന്നു. എട്ട് വർഷത്തെ ഗർഭധാരണ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം നടത്തിയ ചികിത്സയിലൂടെ ജനിച്ച അവനെ, അവൾ തന്റെ അത്ഭുത ശിശുവായി കാണുന്നു. എന്നാൽ കുടുംബത്തിലാരും ഇത് ചിയോമയുടെയും ഭർത്താവ് ഇകെയുടെയും രക്തത്തിൽ പിറന്ന കുഞ്ഞാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ താൻ നീണ്ട 15 മാസം ചുമന്ന് പ്രസവിച്ച കുഞ്ഞാണ് ഇതെന്ന് ചിയോമ പറയുന്നു. എന്നാൽ എല്ലാവരും ഇത് അംസംബന്ധമാണെന്ന് വിശ്വസിക്കുന്നു. പക്ഷേ അത്രയധികം കാലം താൻ കുഞ്ഞിനെ വഹിച്ചതായി യുവതി ആവർത്തിക്കുന്നു. യഥാര്ത്ഥത്തിൽ എന്താണ് സംഭവിച്ചത്.
ലോകത്തിലെ ഏറ്റവും ഉയർന്ന ജനനനിരക്ക് നൈജീരിയയിലുണ്ട്, അത്‌കൊണ്ട് തന്നെ സ്ത്രീകൾക്ക് ഗർഭധാരണത്തിനുള്ള സാമൂഹിക സമ്മർദ്ദം നേരിടേണ്ടിവരുന്നു. അവർക്ക് അമ്മയാകാൻ കഴിയുന്നില്ലെങ്കിൽ അവരെ സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നു.ഈ സമ്മർദത്തിൻകീഴിൽ ചില സ്ത്രീകൾ തങ്ങളുടെ മാതൃത്വ സ്വപ്നം സാക്ഷാത്കരിക്കാൻ ഏതറ്റം വരെയും പോകുന്നു. അത് തന്നെയാണ് ചിയോമയ്ക്കും സംഭവിച്ചത്.
ഗർഭിണിയാകാൻ ഭർത്താവായ ഇകെയുടെ കുടുംബത്തിൽ നിന്ന് സമ്മർദ്ദം നേരിട്ടതായി ചിയോമ പറയുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോലും അവർ ആവശ്യപ്പെട്ടു. നിരാശ ആയതോടെ അവൾ പാരമ്പര്യേതര ‘ചികിത്സ’ വാഗ്ദാനം ചെയ്യുന്ന ഒരു ‘ക്ലിനിക്ക്’ സന്ദർശിച്ചു – കുഞ്ഞുങ്ങളെ കടത്തുന്നത് മുതൽ അമ്മമാരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ വേട്ടയാടുന്ന വിചിത്രവും അസ്വസ്ഥവുമായ ഒരു തട്ടിപ്പിനാണ് അവസാനം ചിയോമ ഇരയായത്.
ഡോക്ടർമാരായോ നഴ്സുമാരായോ വേഷമിടുന്ന തട്ടിപ്പുകാർ ഗർഭധാരണത്തിന് ഉറപ്പുനൽകുന്ന ‘അത്ഭുതകരമായ ഫെർട്ടിലിറ്റി ചികിത്സ’ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. പ്രാരംഭ ‘ചികിത്സയ്ക്ക്’ സാധാരണയായി നൂറുകണക്കിന് ഡോളർ ചിലവാകും, അതിൽ ഒരു കുത്തിവയ്പ്പ്, ഒരു പാനീയം മുതലായവ അടങ്ങുന്നു.സ്ത്രീകൾക്കാർക്കും ഈ മരുന്നുകളിൽ എന്താണെന്ന് കൃത്യമായി അറിയില്ല. എന്നാൽ ചില സ്ത്രീകൾ മരുന്നുകൾ തങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയതായി പറയുന്നു. ഗർഭണികളുടേത് പോലെ വീർത്ത വയറുകൾ വരുന്നു. ഇത് അവർ ഗർഭിണിയാണെന്ന് അവർ വിശ്വസിക്കുന്നതിന് കാരണമാകും.
ചികിത്സയ്ക്ക് വിധേയരായ സ്ത്രീകൾ പരമ്പരാഗത ഡോക്ടർമാരോ ആശുപത്രികളോ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ‘പ്രസവിക്കാൻ’ സമയമാകുമ്പോൾ, ‘അപൂർവവും വിലകൂടിയതുമായ മരുന്ന്’ കഴിച്ചാൽ മാത്രമേ പ്രസവിക്കാനാകൂ എന്ന് സ്ത്രീകളോട് പറയുന്നു. മരുന്നില്ലെങ്കിൽ ഗർഭം ഒമ്പത് മാസത്തിനപ്പുറം നീണ്ടിനിൽക്കുമത്രേ.ചിലരെ മയക്കിക്കിടത്തിയും ചിലർക്ക് സിസേറിയൻ നടത്തിയും ബോധം കെടുത്തുന്നു. മയക്കത്തിൽ നിന്ന് ഉണരുമ്പോൾ കുഞ്ഞിനെ നൽകുന്നതാണ് രീതി. പ്രസവ സമയമാകുമ്പോൾ എവിടെ നിന്നെങ്കിലും കടത്തിക്കൊണ്ട് വരുന്ന കുഞ്ഞിനെയാണ് യുവതികൾക്ക് നൽകുന്നതത്രേ.
ചിയോമിയുടെ കേസിൽ, അവൾ തട്ടിപ്പിന് ഇരയായതാണെന്ന് ബോധ്യപ്പെട്ടതോടെ കുഞ്ഞിനെ അതിന്റെ യഥാർത്ഥ അച്ഛനും അമ്മയും അവകാശം പറഞ്ഞു മുന്നോട്ട് വരുന്നത് വരെ സൂക്ഷിക്കാൻ അധികൃതർ ഏൽപ്പിച്ചിരിക്കുകയാണ്.
Discussion about this post