കൊച്ചി; ഈ വർഷത്തെ കാൻസ് ചലച്ചിത്രോത്സവത്തിൽ ഗ്രാൻ പ്രി പുരസ്‌കാരം നേടിയ ചിത്രമാണ് കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രം ഈ മാസം 22 ന് തീയേറ്ററുകളിലെത്തിയിരുന്നു. റിലീസിന് പിന്നാലെ സിനിമയിലെ ദിവ്യപ്രഭയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് ചർച്ചയാകുന്നത്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ്ലൈൻ ട്രെൻഡിംഗ് ആകുകയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഈ രംഗങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.തന്റെ ന്യൂഡ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം
സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരം വിഷയത്തിലേക്ക് അവർ എത്താൻ സമയമെടുക്കുമെന്നും സിനിമ പറയുന്ന മറ്റു വിഷയങ്ങൾ കാണാതെ ഇതുമാത്രം ചർച്ചയാകുന്നത് കഷ്ടമാണെന്നും ദിവ്യപ്രഭ പറഞ്ഞു. സമയം എടുക്കും.. ഒരുപാട് സമയമെടുക്കും.. ഇവിടത്തെ വ്യവസ്ഥിതിയും ചിന്താഗതിയുമൊക്കെ മാറി വരാൻ.. ഹോളിവുഡിൽ ആണെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല. ഞാനൊരു ഇന്ത്യൻ നടിയാണല്ലോ. അതായത് ഇവിടെയുള്ള ആൾ. ഇതൊക്കെ പൂർണമായും മാറി പുതിയ ചിന്താഗതിയിലേയ്ക്ക് വരാൻ കുറച്ച് സമയമെടുക്കും.
ചിലപ്പോൾ അടുത്ത തലമുറയ്ക്ക് ഇതൊക്കെ ഓക്കെ ആയിരിക്കും. ഇവിടെ ചിലർ പൊക്കിപ്പിടിക്കുന്നത് സിനിമയിലെ ന്യൂഡിറ്റിയാണ്. ഇത് നെഗറ്റീവായി ചിന്തിക്കുന്നവർ ഒന്ന് മനസ്സിലാക്കണം, 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടുന്നത്. തിരക്കഥ ഈ രീതിയിലൊക്കെ എന്നെക്കൊണ്ട് അഭിനയിപ്പിക്കാൻ കൺവിൻസ് ചെയ്യിപ്പിക്കണമല്ലോ. ന്യൂഡ് രംഗങ്ങൾ ഇതിന് മുമ്പും പല സിനിമകളിലും പല അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവർക്കൊന്നും ലഭിക്കാത്ത ചില പ്രത്യേക ആനുകൂല്യം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.
ഈ സിനിമയിലെ ഇൻറിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നതിന് എൻറെ നിർദേശ പ്രകാരം ഇൻറിമസി കോഡിനേറ്ററായി ഒരു അഡ്വക്കേറ്റിനെ അണിയറ പ്രവർത്തകർ നിയോഗിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല അത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ എൻറെ നിർദേശപ്രകാരം വളരെ കുറച്ച് അണിയറ പ്രവർത്തകരെ മാത്രമെ ലൊക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഇത്തരം രംഗങ്ങൾ അഭിനയിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല. സിനിമയും കഥയുമാണ് വലുത്.’-ദിവ്യപ്രഭ അഭിപ്രായപ്പെട്ടു.
ചില സിനിമകളിൽ എന്നെ ഡബ്ബ് ചെയ്യാൻ വിളിക്കാറില്ല. അപ്പോൾ മാത്രമാണ് ഒരു ചെറിയ വിഷമം ഉണ്ടാവുക. എന്നെ അറിയിക്കുക കൂടി ചെയ്യാതെ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് മറ്റൊരാൾ ശബ്ദം നൽകും. അത്തരമൊരു പ്രവർത്തി ഒഴികെ എന്നെ സിനിമയിൽ വിഷമിപ്പിച്ച മറ്റു കാര്യങ്ങളൊന്നും തന്നെ ഇല്ലെന്ന് താരം പറയുന്നു.
Discussion about this post