സോൾ: മനുഷ്യന്റെ ചെയ്തികൾ പ്രകൃതിയെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നാളെയും ഇവിടെ സ്വന്തം കുലത്തിന് ജീവിക്കണം എന്ന ചിന്ത ലവലേശം പോലും ഇല്ലാതെയാണ് മനുഷ്യൻ തന്നിഷ്ടത്തിന് ഓരോന്ന് ചെയ്ത് കൂട്ടുന്നത്. സുഖവും സന്തോഷത്തിനുമായി ഓരോന്ന് ചെയ്യുമ്പോൾ അത് ലോകത്തെയും ബാധിക്കുന്നു എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മുന്നറിയിപ്പ്. ഭൂഗർഭ ജലത്തിന്റെ അമിതമായ ചൂഷണം ഭൂമിയുടെ സന്തുലിതാവസ്ഥയിലും ഭ്രമണത്തിലും വരെ മാറ്റം വരുത്തുന്നതായാണ് റിപ്പോർട്ട്. ഭൂഗർഭജല തോതിലെ കുറവ് കാരണം ഭൂമിയുടെ അച്ചുതണ്ട് വെറും 17 വർഷം കൊണ്ട് 31.5 ഇഞ്ച് (ഏകദേശം 80 സെൻറീമീറ്റർ) കിഴക്കോട് ചരിഞ്ഞതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്
കഴിഞ്ഞ 17 വർഷത്തിനിടെ ഭൂമിയുടെ അച്ചുതണ്ട് 31.5 ഇഞ്ച് കിഴക്കോട്ട് വ്യത്യാസപ്പെട്ടു. എന്നാലിത് വലിയ ഭൂകമ്പങ്ങൾ കാരണമോ, ഛിന്നഗ്രഹങ്ങൾ കൂട്ടിയിടിച്ചോ, സൂര്യനിലുണ്ടായ എന്തെങ്കിലും വ്യതിയാനം കാരണമോ അല്ല. ടൺകണക്കിന് ഭൂഗർഭജലം മനുഷ്യൻ വിവിധ ആവശ്യങ്ങൾക്കായി വലിച്ചെടുത്തതിനാലാണ് ഭൂമിയുടെ അച്ചുതണ്ടിൽ ഈ മാറ്റമുണ്ടായത് എന്നാണ് സോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസ്റ്റായ കി-വോൻ സിയോയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തിൻറെ കണ്ടെത്തൽ.
സമുദ്രനിരപ്പ് 0.24 ഇഞ്ച് ഉയർത്താൻ തക്ക കാരണമായ 2,150 ഗിഗാടൺ ഭൂഗർഭജലം 1993നും 2010നും ഇടയിൽ മനുഷ്യൻ മണ്ണിൽ നിന്നെടുത്ത് പുനരുപയോഗം ചെയ്തതായാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഈ ഭൂഗർഭജല ഉപയോഗമാണ് ഭൂമിയുടെ അച്ചുതണ്ടിൽ രണ്ട് പതിറ്റാണ്ടിനിടെ 31ലധികം ഇഞ്ചിൻറെ ചരിവ് സൃഷ്ടിച്ചത്. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ മാറ്റം സമുദ്രജലത്തിൻറെ അളവ് വർധിക്കുന്നതിന് കാരണമായി. ഭൂഗർഭജല ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുമുണ്ട് എന്നത് ഈ പ്രശ്‌നത്തിന് കാരണക്കാരിയ നമ്മൾ കൂടിയുണ്ടെന്ന തിരിച്ചറിവ് നൽകുന്നതാണ്.
ഈ കണ്ടെത്തലുകൾ ആഗോള നയരൂപകർത്താക്കൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ഉണർവുണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി ഭൂഗർഭജല ശോഷണം പരിഹരിക്കേണ്ടതിന്റെ ആവശ്യകത പഠനം ഊന്നിപ്പറയുന്നു. ഭൂഗർഭ ജലചൂഷണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരക്ഷണ തന്ത്രങ്ങൾ പതിറ്റാണ്ടുകളായി സ്ഥിരമായി നടപ്പിലാക്കിയാൽ ധ്രുവനീക്കത്തിന്റെ പാതയെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Discussion about this post