ന്യൂഡൽഹി; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ. അച്ചാർ,നെയ്യ്,കൊപ്ര തുടങ്ങിയ പഥാർത്ഥങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇ-സിഗരറ്റുകൾ, മസാലപ്പൊടികൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന് ഇന്ത്യൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
ഇന്ത്യൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഇന്ത്യ-യുഎഇ യാത്രയിൽ കൊണ്ടുപോകാവുന്ന സാധനങ്ങളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണം എന്ന് അധികൃതർ വ്യക്തമാക്കി. ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
ക്യാബിൻ ലഗേജിൽ നെയ്യും വെണ്ണയും അനുവദിക്കുന്നതല്ല. ദ്രാവക സ്വഭാവം കാരണമാണ് ഇവ രണ്ടും നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ക്യാരിഓൺ ലഗേജിൽ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ, എയറോസോൾസ്, ജെൽസ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തും. അതേസമയം ചെക്ക്-ഇൻ ലഗേജിന്റെ കാര്യത്തിൽ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാം
മുളക് അച്ചാർ ഒഴികെയുള്ള അച്ചാറുകൾ കയ്യിൽ കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ കൊണ്ടുപോകാം. മുളക് അച്ചാർ ഹാൻഡ് ക്യാരിയിൽ അനുവദിക്കുന്നില്ല. എന്നാൽ എയർപോർട്ട്, എയർലൈൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ചെക്ക്-ഇൻ ലഗേജിൽ അച്ചാർ കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തിയേക്കാം.
മസാലപ്പൊടികൾ ക്യാബിൻ ലഗേജിൽ കൊണ്ടുപോകാൻ സാധിക്കില്ല. എന്നാൽ ചെക്ക് ഇൻ ബാഗേജിൽ അവ കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെന്ന് ബിസിഎസ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
Discussion about this post