എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഓംപ്രകാശിന്റെയും കൂട്ടുപ്രതി ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി, അന്വേഷണ സംഘത്തെ സമീപിച്ചതായാണ് വിവരം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ഇക്കാര്യത്തിൽ തുടർനടപടിയില്ലെന്നും ആക്ഷേപമുണ്ട്. ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി നിരന്തരം ബന്ധത്തിന് പലതവണ നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി.
അതേസമയം സംഭവത്തില്‍ അന്വേഷണം കൊക്കെയിൻ കൊച്ചിയിൽ എത്തിച്ച സംഘത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ലഹരിമാഫിയയിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. അറസ്റ്റിലായ ബിനുവാണ് ലഹരിപ്പാർട്ടിക്ക് കൊക്കെയ്‌നെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് ഓം പ്രകാശിനെയും ചലചിത്രതാരങ്ങളെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
Discussion about this post