അബുദാബി: പ്രവാസികളുടേതടക്കം ഒട്ടേറെ ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷയുമായി യുഎഇയുടെ പുതിയ പദ്ധതി. രാജ്യത്തിന്റെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങൾക്ക് ശേഷമാണ് ലോട്ടറി ആരംഭിക്കുന്നത്. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബർ 14ന് നടക്കും. 100 മില്യൺ ദിർഹമാണ് (200 കോടി രൂപയ്ക്ക് മുകളിൽ) ഗ്രാൻഡ് പ്രൈസ്
ജനറൽ കൊമേഴ്ഷ്യൽ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നൽകിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി അനേകം ഗെയിമുകളാണ് യുഎഇ ലോട്ടറി അവതരിപ്പിക്കുന്നത്. ഗെയിമിൽ പങ്കെടുക്കുന്ന സമയത്ത് മത്സരാർത്ഥി യുഎഇയിൽ ഉണ്ടായിരിക്കണം. theuaelottery.ae എന്ന വെബ്സൈറ്റിൽ ലോട്ടറി ലഭ്യമാവും. ‘ലക്കി ഡേ’ ഗെയിമിന്റെ ഭാഗമായുള്ള 100 മില്യൺ ജാക്ക്പോട്ടിന് പുറമെ ഏഴ് ‘ലക്കി ചാൻസ് ഐഡികൾക്ക്’ 100,000 ദിർഹം വീതം സമ്മാനം ലഭിക്കും. ഇതിന് പുറമെ 1 മില്യൺ, 1000 ദിർഹം, 100 ദിർഹം എന്നിങ്ങനെയും സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ഓരോ എൻട്രിക്കും 50 ദിർഹമാണ് ഫീസ്.
നിലവിൽ ലോട്ടറി രണ്ട് ഗെയിമുകളാണ് വാഗ്ദാനം ചെയ്യുന്നത്. ലക്കി ഡേയും സ്‌ക്രാച്ച് കാർഡുകളും. കൂടുതൽ ഗെയിമുകൾ ഉടൻ ചേർക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ‘ലക്കി ഡേ’ വിഭാഗത്തിൽ പങ്കെടുക്കുന്നവർ ‘ദിവസങ്ങൾ’ വിഭാഗത്തിൽ നിന്ന് ആറ് നമ്പറുകളും ‘മാസങ്ങളിൽ’ നിന്ന് ഒരെണ്ണവും തെരഞ്ഞെടുക്കും. നറുക്കെടുപ്പ് ഫലവുമായി എല്ലാ ഏഴ് നമ്പറുകളും ഒത്തുവന്നാൽ അവർ ജാക്ക്പോട്ട് അടിക്കും. ‘ഡേയ്‌സ്’ എന്നതിൽ നിന്നുള്ള ആറ് അക്കങ്ങളും പൊരുത്തപ്പെടുന്നവർക്കാണ് രണ്ടാം സമ്മാനം.
‘ഡേയ്‌സ്’ വിഭാഗത്തിൽ നിന്നുള്ള അഞ്ച് അക്കങ്ങളും ‘മാസം’ എന്നതിൽ നിന്ന് ഒരെണ്ണവും പൊരുത്തപ്പെടുകയാണെങ്കിൽ, അവർക്ക് മൂന്നാം സമ്മാനം ലഭിക്കും. ‘ഡേയ്‌സ്’ എന്നതിൽ നിന്നുള്ള അഞ്ച് അക്കങ്ങളോ ‘ഡേയ്‌സ്’ എന്നതിൽ നിന്ന് നാല് അക്കങ്ങളും ‘മാസങ്ങളിൽ’ ഒരു അക്കവുമോ യോജിക്കുന്നുവെങ്കിൽ അവർക്ക് നാലാം സമ്മാനം അവകാശപ്പെടാം. ‘ദിവസങ്ങൾ’ വിഭാഗത്തിൽ നിന്ന് മൂന്ന് അക്കങ്ങളും ‘മാസങ്ങളിൽ’ നിന്ന് ഒരു അക്കവും, അല്ലെങ്കിൽ ‘ദിവസങ്ങളിൽ’ നിന്ന് രണ്ടെണ്ണവും ‘മാസങ്ങളിൽ’ നിന്ന് ഒരെണ്ണവും, അല്ലെങ്കിൽ ‘ദിവസങ്ങളിൽ’ നിന്ന് ഒന്നും ‘മാസങ്ങളിൽ’ നിന്ന് ഒന്നും, അല്ലെങ്കിൽ മാസങ്ങളിൽ നിന്ന് ഒന്ന് ഒത്തുവന്നാൽ അവർക്ക് അഞ്ചാം സമ്മാനം ലഭിക്കും.
10 ലക്ഷം ദിർഹം വരെ സമ്മാനങ്ങൾ നേടിത്തരുന്ന സ്‌ക്രാച്ച് കാർഡുകൾ വാങ്ങാനുള്ള അവസരവുമുണ്ട്. ഈ കാർഡുകളുടെ നിരക്കുകൾ 5 ദിർഹം മുതൽ ആരംഭിക്കുന്നു. ഇത് 50,000 ദിർഹം വരെ വിജയിക്കാനുള്ള അവസരം നൽകുന്നു. നറുക്കെടുപ്പിന്റെ 10 ദിർഹം കാർഡുകൾക്ക് ഉയർന്ന സമ്മാനം 100,000 ദിർഹമാണ്. 20 ദിർഹത്തിന് 300,000 ദിർഹമുണ്ട്. 50 ദിർഹം വിലയുള്ള കാർഡുകൾ ഉപയോഗിച്ച് കളിക്കാർക്ക് 10 ലക്ഷം ദിർഹം നേടാം. എല്ലാ ഇടവിട്ട ശനിയാഴ്ചകളിലും രാത്രി 8.30ന് ലോട്ടറിയുടെ തത്സമയ നറുക്കെടുപ്പ് നടക്കും.
Discussion about this post