മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അർജുൻ ആണ് അറസ്റ്റിലായത്. ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയായ വാഹനാപകടം ഉണ്ടായപ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആണ്.
പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. അർജുന് പുറമേ 12 പ്രതികൾ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ജ്വല്ലറി ഉടമയിൽ നിന്നും മൂന്നര കിലോ സ്വർണം ആണ് അർജുൻ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. ഇതിൽ 2.2 കിലോ സ്വർണവും ബാക്കി സ്വർണം വിറ്റുകിട്ടിയ പണവും പോലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെർപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ് വിവരം.
2018 സെപ്റ്റംബർ 25നായിരുന്നു വാഹനാപകടത്തിൽ ബാലഭാസ്‌കർ മരിച്ചത്. ഇതിന് പിന്നാലെ തന്നെ അർജുന്റെ സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം ചർച്ചയായിരുന്നു.
Discussion about this post