എറണാകുളം: പറവ ഫിലിംസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ഇന്നലെയാണ് സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ. വലിയ പ്രേഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന് 148 കോടി രൂപയിലേറെ വരുമാനം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ 44 കോടി രൂപ നികുതി ഇനത്തിൽ അടയ്ക്കണം ആയിരുന്നു. എന്നാൽ ഇത് നൽകിയില്ല. മാത്രവുമല്ല 32 കോടി രൂപ ചിവലും കാണിച്ചിട്ടുണ്ട്. ഇത് കള്ളക്കണക്കാണെന്ന കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിൽ നിന്നും വിശദീകരണം തേടും.
മഞ്ഞുമ്മൽ ബോയ്‌സിന്റെ വിതരണത്തിനുള്ള അവകാശം ഡ്രീം ബിഗ് എന്ന വിതരണ സ്ഥാപനത്തിനാണ്. ഇവിടെയും ഇന്നലെ പരിശോധന നടന്നു. പറവ ഫിലിംസ് യഥാർത്ഥ വരുമാന കണക്കുകൾ നൽകിയില്ലെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പണം വന്ന സ്രോതസ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
അതേസമയം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സഹായി ഷോൺ ആണെന്നാണ് സൗബിൻ പറയുന്നത്.
Discussion about this post