ദില്ലി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ നീക്കം സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് ഏജന്റിന് ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍. ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ദിപേഷ് ഗോഹില്‍ എന്നയാളാണ് ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. വിവരങ്ങള്‍ ഇയാള്‍ പാക് ഏജന്റിന് ചോര്‍ത്തി നല്‍കുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തുവെന്നാണ്് കണ്ടെത്തിയിരിക്കുന്നത്.
പ്രതിഫലമായി ദിപേഷിന് പ്രതിദിനം 200 രൂപ ലഭിക്കുകയും പാക് ഏജന്റില്‍ നിന്ന് മൊത്തം 42,000 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. സഹിമ എന്ന വ്യാജ പേരാണ് പാക് ഏജന്റ് ഉപയോഗിക്കുന്നതെങ്കിലും ഐഡന്റിറ്റി വ്യക്തമല്ല. ഫേസ്ബുക്കില്‍ ദിപേഷുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഇയാള്‍ വാട്‌സ്ആപ്പിലും ദിപേഷുമായുള്ള ബന്ധം തുടര്‍ന്നു. ഓഖ തുറമുഖത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ടിന്റെ പേരും നമ്പറും ഇയാള്‍ ദിപേഷിനോട് ചോദിച്ചിരുന്നു.
ഓഖയില്‍ നിന്നുള്ള ഒരാള്‍ കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാകിസ്ഥാന്‍ നാവികസേനയുടെയോ ഐഎസ്‌ഐയുടെയോ ഏജന്റുമായി വാട്ട്സ്ആപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചെന്ന് ഗുജറാത്ത് എടിഎസ് ഓഫീസര്‍ കെ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഓഖ തുറമുഖത്തെ കപ്പലുകളിലേക്ക് ദിപേഷിന് എളുപ്പത്തില്‍ എത്തിച്ചേരാമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഏജന്റിന് വിവരങ്ങള്‍ കൈമാറിയതിന് ദിപേഷിന് പ്രതിദിനം 200 രൂപ ലഭിച്ചു. അക്കൗണ്ടില്ലാത്തതിനാല്‍ ഈ പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് വെല്‍ഡിംഗ് ജോലിക്കുള്ള പണമാണെന്ന് പറഞ്ഞ് സുഹൃത്തില്‍ നിന്ന് ഈ പണം വാങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Discussion about this post