തൃശ്ശൂർ: സംസ്ഥാനത്തെ എയ്ഡ്‌സ് വ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം വർദ്ധിക്കുന്നത് എന്നാണ് കണ്ടെത്തൽ. ലഹരി കുത്തിവയ്പ്പാണ് ഇവരിൽ രോഗവ്യാപനം വർദ്ധിക്കാൻ കാരണം ആകുന്നത് എന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ എച്ച്‌ഐവി പോസിറ്റീവ് നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അടുത്ത കാലത്തായി 19 നും 25 നും ഇടയിൽ പ്രായമുള്ളവരിൽ ആണ് എയ്ഡ്‌സ് രോഗം വ്യാപകമായി കാണപ്പെടുന്നത്. ആകെ രോഗബാധിതരിൽ 15 ശതമാനം പേരും ഈ പ്രായത്തിനിടയിൽ ഉള്ളവരാണ്. എന്നാൽ പരിശോധനകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വൈറസ് നിരക്ക് വർദ്ധിക്കുന്നില്ല. സംസ്ഥാനത്തിന് ഇത് ഏറെ ആശ്വാസകരമാണെന്നും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കുന്നു.
19 നും 25 നും ഇടയിൽ പ്രായമുള്ളവരുടെ കണക്കുകൾ പരിശോധിച്ചാൽ രോഗം വർദ്ധിക്കുന്നവരുടെ എണ്ണത്തിൽ കൂടുതൽ പുരുഷന്മാരാണ്. സ്വവർഗാനുരാഗം വഴിയാണ് വലിയൊരു വിഭാഗം ആളുകളിലേക്ക് എച്ച്‌ഐവി പകരുന്നത്. ലഹരി കുത്തിവയ്പ്പിനും ഇതിൽ സമാന പങ്കുണ്ട്. ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിക്കുന്നത് ആണ് ഇതിന് കാരണം ആകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ൽ സംസ്ഥാനത്ത് 1211 പേർക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. 2024 ൽ ഇത് 1065 ആണ്. ഒക്ടോബർവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ എണ്ണം ലഭിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ഒക്ടോബർവരെ രോഗികളുടെ എണ്ണം 1270 ആയിരുന്നു. ഈ വർഷം എച്ച്‌ഐവി സ്ഥിരീകരിച്ചവരിൽ 805 പേരും പുരുഷന്മാരാണ്.
Discussion about this post