ഗാബറോൺ: ഒന്നല്ല, രണ്ടല്ല.. ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാനയിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത് 350 ലധികം ആനകൾ ആയിരുന്നു. ലോകത്തെ തന്നെ ഈ സംഭവം വലിയ ആശങ്കയിൽ ആഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ ആനകൾ ചരിഞ്ഞതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കാൻ ആരംഭിച്ചു. സയനൈഡ് വിഷബാധയടക്കം ഇത്തരം പ്രചാരണങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോഴിതാ ആനകൾ ചരിഞ്ഞതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധരുടെ സംഘം.
കോവിഡ് വ്യാപനത്തിനിടെ ആയിരുന്നു ആനകൾ വ്യപാകമായി ചരിഞ്ഞത്. കൊറോണ വൈറസ് ആനകളെ ബാധിച്ചതാണോ എന്ന സംശയവും ഇതോടെ ഉടലെടുത്തിരുന്നു. എന്നാൽ ആനകൾ കുടിച്ച വെള്ളമാണ് പ്രശ്‌നം ആയത് എന്നാണ് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധർ പറയുന്നത്.
ടോട്ടൽ എൻവയോൺമെന്റിന്റെ ജേണൽ ഓഫ് സയൻസിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. ആനകൾ വെള്ളം കുടിച്ച ജലശ്രോതസ്സിൽ രൂപം കൊണ്ട പ്രത്യേ ഇനം ആൽഗകളാണ് മരണത്തിന് പിന്നിൽ എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ബ്ലൂ ഗ്രീൻ ആൽഗ എന്നാണ് ഈ ആൽഗകൾ അറിയപ്പെടുന്നത്. ബാക്ടീരിയയുടെ ഗണത്തിൽപ്പെടുന്ന ഈ സൂക്ഷ്മ ജീവികൾ ശരീരത്തിനകത്ത് എത്തിയാൽ ജീവൻ അപകടത്തിലാകും. കാലവസ്ഥാ വ്യതിയാനമാണ് ഇത്തരം ആൽഗകൾ ജലാശയത്തിൽ വളരുന്നതിന് കാരണം ആകുന്നത്.
സാറ്റ്‌ലൈറ്റ് ഡാറ്റകൾ അനുസരിച്ചുള്ള വിവരങ്ങളിൽ നിന്നാണ് വിദഗ്ധർ നിർണായക കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. വെള്ളം കുടിച്ച് മടങ്ങിയ ആനകൾ 88 മണിക്കൂറിനുള്ളിൽ തന്നെ ചരിഞ്ഞുവെന്നാണ് പഠനത്തിൽ പറയുന്നത്. പ്രദേശത്ത് ആ സമയങ്ങളിൽ കനത്ത വരൾച്ച ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ആൽഗകളുള്ള ജലശ്രോതസ്സിൽ നിന്ന് അല്ലാതെ ഇവയ്ക്ക് വെള്ളം കുടിക്കാൻ കഴിയില്ലായിരുന്നു. ഇതാണ് ഇത്രയേറെ ആനകൾ ചരിയാൻ കാരണം ആയത്.
Discussion about this post