ഭോപ്പാൽ: വാരാണസി കാലഭൈരവ ക്ഷേത്രത്തിൽ കയറി കേക്ക് മുറിച്ച് ആഘോഷിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്‌സുള്ള മോഡലായ മമത റായിയാണ് പവിത്രമായ കാല ഭൈരവ ക്ഷേത്രത്തിൽ കയറി കേക്ക് മുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്നു എന്ന് കരുതപ്പെടുന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുകയാണ്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശ്വാസികളിൽ നിന്നും മതനേതാക്കളിൽ നിന്നും രൂക്ഷ വിമർശനമാണ് ലഭിക്കുന്നത്. നിരവധി ഭക്തരാണ് വിഗ്രഹത്തിന് മുന്നിൽ നിന്നും കേക്ക് കട്ട് ചെയ്ത സ്ത്രീയെയും അതിന് അനുവദിച്ച പൂജാരിയെയും സമൂഹ മാദ്ധ്യമത്തിൽ വിമർശിച്ചത്.
വാരണാസിയിലെ ‘കാശി വിദ്വത് പരിഷത്ത്’ എന്ന മതസംഘടന വീഡിയോയ്‌ക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ഇത് ക്ഷേത്രത്തിൻ്റെ പവിത്രതയുടെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മമതാ റായിക്ക് എതിരെ വക്കീൽ നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സംഘടന.
“കേക്ക് മുറിക്കൽ പരമ്പരാഗത വൈദിക ആചാരങ്ങളുടെ ഭാഗമല്ല, ഈ സംഭവം വളരെ ദൗർഭാഗ്യകരമാണ്, വീഡിയോയിലെ പോലെ ക്ഷേത്രങ്ങളിൽ മെഴുകുതിരികൾ ഊതുന്നതും കേക്ക് മുറിക്കുന്നതും ശരിയല്ല.
ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ മുഖ്യമന്ത്രിയെ സമീപിക്കും. ,” കാശി വിദ്വത് പരിഷത്ത് ജനറൽ സെക്രട്ടറി രാം നാരായൺ ദ്വിവേദി പറഞ്ഞു.
Discussion about this post