ചെന്നൈ : പ്രളയക്കെടുതിയിൽ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാടിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ് സംഭവിച്ചത്. ഇതേ തുടർന്നാണ് തമിഴ്‌നാടിന് പൂർണ പിന്തുണ മോദി ഉറപ്പ് നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ തമിഴ്മനാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി പ്രധാനമന്ത്രി സംസാരിച്ചു.
തമിഴ്നാട്ടിലെ, പ്രത്യേകിച്ച് വില്ലുപുരത്ത്, ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ഫോണിലൂടെ മോദി ചോദിച്ചറിഞ്ഞു.പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ സഹായിക്കുമെന്നും മോദി സ്റ്റാലിനെ അറിയിച്ചു.
പുനരുദ്ധാരണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് (എൻഡിആർഎഫ്) 2,000 കോടി രൂപ ആവശ്യപ്പെട്ട് തിങ്കളാഴ്ച സ്റ്റാലിൻ പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം അയച്ചിരുന്നു. തമിഴ്നാടിനെ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണ കേന്ദ്രം നൽകുമെന്ന് സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചുഴലിക്കാറ്റിന്റെ ആഘാതം കൂടുതലായി ബാധിച്ചത് വില്ലുപുരത്താണ്. അവിടെ റോഡുകളും പാലങ്ങളും പാർപ്പിട പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി . വിളകൾ നശിക്കുകയും ചെയ്തു. തിരുവണ്ണാമലയിൽ ഡിസംബർ ഒന്നിന് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പാറക്കെട്ട് വീണ് അഞ്ച് പേർ മരണപ്പെട്ടു.
Discussion about this post