ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നതായി നാസ. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇക്കുറി ഭൂമിയ്ക്കടുത്തേയ്ക്ക് എത്തുന്നത്. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്ന് നാസ അറിയിച്ചു.
2007ജെഎക്‌സ്2, 2020 എക്‌സ് ആർ എന്നിങ്ങനെയാണ് ഛിന്നഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതിൽ 2007ജെഎക്‌സ്2 ഇന്ന് വൈകീട്ടും, 2020 എക്‌സ് ആർ നാളെ രാവിലെയോടെയുമാണ് ഭൂമിയ്ക്ക് അടുത്തായി എത്തുക. 2007ജെഎക്‌സ്2 ഇന്ന് വൈകീട്ട് 4.46 ഓടെ ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. 300 നും 670 നും ഇടയിൽ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്നും 5.5 മില്യൺ കിലോ മീറ്റർ അകലെയായിട്ടായിരിക്കും സ്ഥിതി ചെയ്യുക. ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ അത്ര വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറിൽ 44,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും.
2020 എക്‌സ് ആർ നാളെ രാവിലെ 5.27 ഓടെയാകും ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയിൽ നിന്നും 2.4 മില്യൺ കിലോ മീറ്റർ അകലെയായി ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നാസ നൽകുന്ന വിവരം. മണിക്കൂറിൽ പതിനായിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഏകതാപ്രതിമയുടെ അത്ര ഉയരം ഉണ്ട്.
അതേസമയം അതിവേഗത്തിൽ ഭൂമിയ്ക്ക് അരികിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളെ നാസയിലെ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ വിവരങ്ങൾ അനുസരിച്ച് ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്ക് സമീപത്ത് കൂടി കടന്ന് പോകാനാണ് സാദ്ധ്യത. എന്നാൽ ഇവയുടെ സ്ഥാനത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ ഭൂമിയിൽ പതിച്ചേക്കാം. ഇതാണ് ഗവേഷകരിൽ ആശങ്കയുളവാക്കുന്നത്.
Discussion about this post