മുംബൈ: കാന്താരയ്ക്ക് ശേഷം പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിഷഭ് ഷെട്ടി ചിത്രം ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിനൊപ്പം ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന തിയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി എത്തുന്ന ചിത്രം തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
നിർമ്മാതാവ് സന്ദീപ് സിംഗാണ് സോഷ്യൽ മീഡിയ പേജുകൾ വഴി പോസ്റ്റർ പുറത്തുവിട്ടത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പുറത്തിറങ്ങുക എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. 2027 ജനുവരി 21 ആണ് റിലീസ് തിയതി. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെയില്ല. ശിവജിയായി വേഷം ധരിച്ചാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ റിഷഭ് പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ ഭൂപടവും ഇതിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യയുടെ അഭിമാനമായ ഛത്രപതി ശിവജിയുടെ വീരസാഹസ ജീവിതം ആയിരിക്കും സിനിമയിലെ ഇതിവൃത്തം എന്നാണ് സൂചന.
നിലവിൽ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് റിഷഭ്. ഇതിന് പുറമേ അദ്ദേഹം പുതിയ തെലുങ്ക് ചിത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കുകൾ ധാരാളമാണ്. ഇതേ തുടർന്നാണ് ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹരാജിന്റെ ചിത്രീകരണം നീളുന്നത്.
അതേസമയം കാന്താര ചാപ്റ്റർ 1 അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും. ഗാന്ധിജയന്തി ദിനത്തിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചും മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Discussion about this post