എറണാകുളം: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ആനകളെ എഴുന്നള്ളിക്കുമ്പോൾ ഹൈക്കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ് എടുത്തത്. വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റേതാണ് നടപടി. എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണം എന്നതുൾപ്പെടെയായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ.
കഴിഞ്ഞ ദിവസം ആയിരുന്നു ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത്. ഇതിന് മുന്നോടിയായി വനംവകുപ്പ് അധികൃതർ എത്തി ആനകളെ നിർത്തേണ്ട ഇടവും മറ്റ് മാനദണ്ഡങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ഇത്ര പ്രകാരം ആയിരുന്നു ശീലേവി എഴുന്നള്ളത്ത്. എന്നാൽ ഇന്നലെ രാത്രി തൃക്കേട്ട പുറപ്പാട് ചടങ്ങിൽ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ വരികയായിരുന്നു.
ആനകൾ തമ്മിലുള്ള അകലം ആയിരുന്നു പാലിക്കാൻ കഴിയാതിരുന്നത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉണ്ടായിരുന്നില്ല. ഇത് മാത്രവുമല്ല ജനങ്ങളും ആനകളും തമ്മിൽ എട്ട് മീറ്റർ അകലം വേണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല. ഇതോടെ കേസ് എടുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരം ആയിരുന്നു കേസ് എടുത്തത്. അതേസമയം മഴ കാരണം ആണ് ആനകൾ അടുത്തായി പോയത് എന്നാണ് ഭാരവാഹികൾ നൽകുന്ന വിശദീകരണം.
Discussion about this post