ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എസ് എഫ് ഐ ഓ ഇക്കാര്യം വ്യക്തമാക്കിയത് . രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റിൽമെൻ്റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും എസ് എഫ് ഐ ഓ വ്യക്തമാക്കി.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിൻ്റെ പേരിൽ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്നാണ് എസ് എഫ് ഐ ഓ കേസ്. സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അതേസമയം തങ്ങളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണോ എന്നതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും എസ് എഫ് ഐ ഓ വ്യക്തമാക്കി.
Discussion about this post