ന്യൂഡൽഹി: അമൃത്സർ സുവർണ ക്ഷേത്രത്തിന് അകത്ത് അകാലിദൾ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. ക്ഷേത്രത്തിന് അകത്ത് വച്ച് അക്രമി ബാദലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബാദലിന്റെ സുരക്ഷാ ഗാർഡുകൾക്കിടയിലൂടെ അതിക്രമിച്ചെത്തിയ നാരായൺ സിങ് എന്നയാളാണ് വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടിയെന്നാണ് വിവരം. സുഖ്ബീർ സിംഗ് ബാദൽ സുരക്ഷിതനാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് സുഖ്ബീർ സിംഗ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ വിധിച്ചിരുന്നു. അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഗുരുദ്വാരകളിലെ അടുക്കളകളും കുളിമുറികളും വൃത്തിയാക്കാനുള്ള ശിക്ഷയാണ് നൽകിയിരിക്കുന്നത്. ദൈവമായി കണക്കാക്കുന്ന ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുൾപ്പെടെയുള്ള 107 ബലിദാനകേസുകളിൽ പ്രതിയായ ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീം സിംഗിനെ സംരക്ഷിച്ചു എന്നതാണ് കുറ്റം. സുഖ്ബീർ സിംഗ് ബാദലിന്റെ പിതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലിന് 2011ൽ നൽകിയ ഫഖ്ർ ഇ ക്വാം (സിഖ് സമൂഹത്തിന്റെ അഭിമാനം) ബഹുമതിയും എടുത്തുകളഞ്ഞിരുന്നു.
Discussion about this post