ശ്രീഹരിക്കോട്ട: നിര്‍ണായക സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ വിക്ഷേപണം ഇന്ന്. ഇന്ന് വൈകിട്ട് 4.08ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ സ്വന്തം പിഎസ്എല്‍വി-സി59 റോക്കറ്റില്‍ പ്രോബ-3 വിക്ഷേപിക്കും.
ഇന്ത്യ യൂറോപ്പ് ബഹിരാകാശ ദൗത്യ സഹകരണത്തിന്‍റെ ഭാഗമായി കൂടിയാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങളെയും ഒരുമിച്ചാണ് പിഎസ്എല്‍വി-സി59 ബഹിരാകാശത്തേക്ക് അയക്കുക.
ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചുള്ളതാണ് ദൗത്യം. യൂറോപ്യന്‍ സ്പേസ് ഏജന്‍സി നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെയുള്ള ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാം ആയിരിക്കും. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.
സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പ്രഭാവലയത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് ആണ് പഠനം നടത്തുക. സൂര്യന്‍റെ കൊറോണ പാളിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ പ്രോബ-3യിലെ പേടകങ്ങള്‍ക്കാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post