മുംബൈ : ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ശിവസേന യുബിടി വിഭാഗം ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ഉദ്ധവ് താക്കറെ. ഇന്ന് നടന്ന ശിവസേന യുബിടി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീയിൽ വച്ചായിരുന്നു പാർട്ടി നേതാക്കളുടെ യോഗം നടന്നത്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറാകാൻ അദ്ദേഹം നിർദ്ദേശിച്ചു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിന് വേണ്ട എല്ലാം തയ്യാറെടുപ്പുകളും പ്രത്യേകം നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പ്രഹരം കണക്കിലെടുത്താണ് തദ്ദേശ തിരഞ്ഞെടുപ്പിന് കൂടുതൽ തയ്യാറെടുപ്പുകൾ നടത്താൻ ഉദ്ധവ് താക്കറെ നിർദ്ദേശിച്ചിട്ടുള്ളത്.
ഹിന്ദുത്വ അനുകൂല പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ശിവസേന യുബിടിയുടെ നിലപാടുകളെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾ തള്ളിക്കളയാനും ഉദ്ധവ് പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകനാഥ് ഷിൻഡെ വിഭാഗത്തിൻ്റെ അവകാശവാദങ്ങളെ എതിർക്കാനും അദ്ദേഹം പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തിൽ താഴെ സീറ്റുകളിൽ മാത്രം വിജയിച്ചതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങളും വിലയിരുത്തലുകളും നടത്തണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post