ജയ്പൂർ: ചന്ദ്രലോയ് പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊന്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് മുതലകളുടെ ജഡമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. സംഭവം വന്യജീവി വകുപ്പ് അധികൃതരിൽ വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. മുതലകളുടെ മരണത്തിന്റെ കാരണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അധികൃതർ. രാജസ്ഥാനിലെ കോട്ട ജില്ലയിലൂടെയാണ് ചന്ദ്രലോയ് പുഴ ഒഴുകുന്നത്.
മുതലയുടെ ജഡം പ്രദേശവാസികളുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു ജഡം കൂടി കണ്ടെടുത്തു. 15 വയസ്സ് പ്രായമുള്ള പെൺ മുതലയുടെയും 10 വയസ്സ് പ്രായമുള്ള ആൺ മുതലയുടെയും ജഡങ്ങൾ ആയിരുന്നു ആദ്യം ലഭിച്ചത്. പിറ്റേദിവസം 10 വയസ്സ് പ്രായമുള്ള രണ്ട് ആൺ മുതലകളുടെ ജഡങ്ങൾ കൂടി കാണപ്പെടുക ആയിരുന്നു. വിഷം ഉള്ളിൽ ചെന്നാകാം ഇവയുടെ മരണം എന്നായിരുന്നു ആദ്യ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ 15 വയസ്സുള്ള പെൺ മുതലയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരുന്നു. ഇതിൽ ശരീരത്തിന് ഉള്ളിലും പുറത്തും മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് വ്യക്തമായി. മരണകാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തുകയാണ്. ബാക്കി മുതലകളുടെ ജഡങ്ങളും പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 1 സിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവി വർഗ്ഗമാണ് മുതലകൾ. പുഴയിൽ നൂറോളം മുതലകൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. പുഴയിലെ മലിനീകരണം ആകാം മുതലകളുടെ മരണത്തിന് കാരണം ആയത് എന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയിൽ 24 മണിക്കൂർ പട്രോളിംഗ് ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.
Discussion about this post