ഹൈദരാബാദ് : അല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 ആദ്യ ദിനത്തിൽ തന്നെ പ്രശ്നങ്ങളിലേക്കാണ് കടന്നു കയറിയിരിക്കുന്നത്. ചിത്രം കണ്ട പ്രേക്ഷകർ നിരാശരാണെന്നത് മാത്രമല്ല, സിനിമയുടെ പ്രീമിയറിനിടെ നടന്ന ദുരന്തത്തിൽ ഒരു യുവതി മരിക്കുകയും ചെയ്തു. ഈ സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കും എന്നാണ് ഹൈദരാബാദ് പോലീസ് വ്യക്തമാക്കുന്നത്.
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അപകടം നടന്ന സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റിനെതിരെയും അല്ലു അർജുന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുക്കുമെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. താരത്തിന്റെ സെക്യൂരിറ്റി ടീമിന്റെ ഭാഗത്തുനിന്നും ഉണ്ടായ പിഴവുകളും വീഴ്ചകളും ആണ് ഇത്തരത്തിൽ ഒരു ദുരന്തത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അല്ലു അർജുന് ഏറെ ആരാധകരുള്ള കേരളത്തിൽ അടക്കം മോശം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസും. സിനിമയുടെ പ്രീമിയറിന് അല്ലു അർജുൻ എത്തുമെന്ന് തിയേറ്റർ ഉടമകൾക്ക് നേരത്തെ അറിയാമായിരുന്നിട്ടും പോലീസിനെ അവസാന നിമിഷം മാത്രമാണ് അറിയിച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെളിപ്പെടുത്തിയത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ എത്തുകയും തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിക്കുകയും ചെയ്തത്. ഹൈദരാബാദ് സ്വദേശിയായ രേവതി (39) ആണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Discussion about this post