ധാക്ക: തികഞ്ഞ ഇന്ത്യാ വിരുദ്ധതയാണ് ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന കലാപത്തിന്റെ മുഖമുദ്ര എന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയെ അനുകൂലിക്കുന്നു എന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ മേൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ആരോപണം തന്നെ.
ബംഗ്ലാദേശിന്റെ ജി ഡി പി യുടെ ഏറ്റവും വലിയ സംഭാവന നൽകുന്നത് വസ്ത്ര നിർമ്മാണ മേഖലയാണ്. ഷെയ്ഖ് ഹസീന ബംഗ്ലാദേശ് ഭരിച്ച കാലഘട്ടത്തിൽ അഭൂത പൂർവ്വമായ വളർച്ചയാണ് ഈ മേഖലയും അതിനെ തുടർന്ന് ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയും കാഴ്ച വച്ചത്. എന്നാൽ എന്നാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കലാപം നടത്തി പുറത്താക്കിയതോടെ കാര്യങ്ങളൊക്കെ കീഴ്മേൽ മറിയുകയാണ് .
തലസ്ഥാനമായ ധാക്കയുടെ കാര്യം എടുത്താൽ തന്നെ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ഈ നഗരം . കുറഞ്ഞ വേതനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളികൾ തെരുവിലിറങ്ങുകയാണ്. തൊഴിൽ ക്ഷാമം കുതിച്ചുയരുകയാണ് , അത് വ്യവസായങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് . ബംഗ്ലാദേശിലെ തുണി വ്യവസായം, പ്രത്യേകിച്ച് റെഡിമെയ്ഡ് വസ്ത്രങ്ങൾ അല്ലെങ്കിൽ ആർഎംജി മേഖല വൻ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്.
വർദ്ധിച്ചു വരുന്ന ആക്രമണങ്ങളും, ന്യൂനപക്ഷമായ ഹിന്ദുക്കളുടെ നേർക്കുണ്ടാകുന്ന വംശീയ ഉന്മൂലന ശ്രമങ്ങളും ബംഗ്ലാദേശിന്റെ സന്തുലിതാവസ്ഥ തകിടം മറിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വസ്ത്ര നിർമ്മാണ മേഖലയിൽ ഉൽപ്പാദനത്തിൽ കാലതാമസമുണ്ടാക്കുകയും അസംസ്കൃത വസ്തുക്കളുടെയും പൂർത്തിയായ ചരക്കുകളുടെയും വിതരണം തടസ്സപ്പെടുത്തുകയും ചെയ്തു.
ഈ സാഹചര്യത്തിൽ വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ച് ആശങ്കാകുലരായ അന്താരാഷ്ട്ര വസ്ത്ര ബ്രാൻഡുകൾ ബംഗ്ലാദേശിൻ്റെ ആർഎംജി സെക്ടറിൽ നിന്ന് ഓർഡറുകൾ പിൻവലിക്കുകയും പകരം ഇന്ത്യയിലേക്ക് തിരിയുകയും ചെയ്യുകയാണ് . ജർമ്മനി, നെതർലാൻഡ്സ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള യൂറോപ്യൻ കമ്പനികൾ ഇതിനകം തന്നെ കളം മാറ്റിചവിട്ടി തുടങ്ങിയിട്ടുണ്ട്. എന്നാൽ രസകരമായ വസ്തുത ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യ ആണെന്നുള്ളതാണ്
തമിഴ്‌നാട്ടിലെ തിരുപ്പൂർ, പഞ്ചാബിലെ ലുധിയാന, ഗുജറാത്തിലെ സൂറത്ത്, രാജസ്ഥാനിലെ ജയ്പൂർ, ഉത്തർപ്രദേശിലെ നോയിഡ തുടങ്ങിയ കയറ്റുമതി കേന്ദ്രങ്ങൾ പുതിയ ഡീലുകളുടെ തിരക്കിലാണ്.
അരവിന്ദ് മിൽസ്, കെപിആർ മിൽസ്, ജിൻഡാൽ വേൾഡ് വൈഡ്, വർധമാൻ ടെക്സ്റ്റൈൽസ്, വെൽസ്പൺ ലിവിംഗ്, റെയ്മണ്ട്, ബോംബെ ഡൈയിംഗ്, നിതിൻ സ്പിന്നേഴ്സ്, ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് തുടങ്ങിയ മുൻനിര കമ്പനികൾ തങ്ങൾക്ക് ലഭിക്കുന്ന ഓർഡറുകളിൽ കാര്യമായ കുതിപ്പ് ആണ് രേഖപ്പെടുത്തുന്നത്.
എന്തായാലും ഇന്ത്യയെ വെറുത്തു കൊണ്ട് ഇന്ത്യക്കെതിരെ തുടങ്ങിയ ഒരു കലാപം ഏറ്റവും കൂടുതൽ ഇന്ത്യയെ തന്നെ സഹായിക്കുന്നു എന്ന വൈരുദ്ധ്യമാണ് ബംഗ്ലാദേശ് നമുക്ക് കാണിച്ചു തരുന്നത്.
Discussion about this post