ന്യൂഡൽഹി : പുതിയ പണവായ്പ നയപ്രഖ്യപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽത്തന്നെ തുടരും. പിനൊന്നാം തവണയാണ് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. യോഗത്തിൽ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി .
നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.6% ആയി കുറച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം 4.8% ആയി വർധിപ്പിച്ചു. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്. ആറിൽ നാല് അംഗങ്ങളും പുതിയ നിരക്ക് നയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് തീരുമാനം ആയത്. മാറ്റമില്ലാത്ത റിപ്പോ നിരക്ക് അർത്ഥമാക്കുന്നത് വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരാനാണ് സാധ്യത എന്നതാണ്. ഇഎംഐ , വാഹന ഭവന വായ്പ എടുക്കുന്നവർക്കെല്ലാം ഈ വാർത്ത ആശ്വാസമായിരിക്കുകയാണ്
വായ്പാ ചെലവ് ലഘൂകരിക്കാൻ സർക്കാരിന്റെയും സാമ്പത്തിക വിദഗ്ധരുടെയും സമ്മർദത്തെ തുടർന്നാണ് നിരക്ക് നിലനിർത്താനുള്ള തീരുമാനം. ധനമന്ത്രി നിർമല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഉയർന്ന വായ്പാ ചെലവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം ചില സാമ്പത്തിക വിദഗ്ധർ വായ്പ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നടപടി സ്വീകരിക്കണമെന്ന് ആർബിഐയോട് ആവശ്യപ്പെട്ടിരുന്നു.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു
Discussion about this post