ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ഉപഭോക്താക്കളുടെ ഇടയില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ദേശീയ തലത്തിൽ കാമ്പെയ്ൻ ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അവബോധം നൽകാൻ സഹായിക്കുന്നതാണ് പുതിയ നടപടി.
രണ്ട് വർഷത്തിലേറെയായി ഒരു അക്കൗണ്ടില്‍ ഇടപാടുകൾ നടന്നില്ലെങ്കിൽ അവ പ്രവർത്തനരഹിതമാകുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. അത്തരത്തില്‍ പ്രവർത്തനരഹിതമാകുന്ന അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കൾ വീണ്ടും കെവൈസി നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ഇങ്ങനെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകാതിരിക്കാന്‍ ഉപഭോക്താക്കൾ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു. എസ്ബിഐ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയർമാൻ സിഎസ് ഷെട്ടി പറഞ്ഞു.
അതേസമയം, രാജ്യത്തെ ബാങ്കുകളിൽ 42,207 കോടി രൂപയാണ് അവകാശികളില്ലാതെ കെട്ടികിടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം അക്കൗണ്ടുകള്‍ പ്രവർത്തനക്ഷമമാക്കാനും ബാങ്കുകള്‍ നടപടി ആരംഭിച്ചു കഴിഞ്ഞു.
Discussion about this post