വയനാട് : വയനാട് പുനരധിവാസത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയെ വിമർശിച്ച് ഹൈക്കോടതി. മാസങ്ങൾ ഫണ്ട് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങിൽ അതൃപ്തി അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും ചോദിച്ചു. ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. സംസ്ഥാനത്തിന് എവിടെയെല്ലാം വീഴ്ച പറ്റി എന്ന് അക്കമിട്ട് നിരത്തി ചോദ്യങ്ങൾ ചോദിക്കുകയാണ് ഹൈക്കോടതി . ചൂരൽമല ദുരന്തത്തിൽ സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ എല്ലാ കണക്കുകൾക്കും വ്യക്തതവേണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഹൈകോടതി നിർദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണസമിതി അക്കൗണ്ട് ഓഫീസറോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഇന്ന് എസ്ഡിആർഎഫ് ആക്കൗണ്ട് ഓഫീസർ ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങൾ ചോദിച്ചത്. എസ്ഡിആർഎഫിൽ എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോൾ 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറ്റി കോടതിയെ അറിയിച്ചു.
നീക്കിയിരിപ്പിൽ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓഡിറ്റിങിൽ വ്യക്തവരുത്താൻ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സർക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നൽകി. നേരത്തെ തന്നെ ആവശ്യമായ സമയം നൽകിയിരുന്നെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാരിനോട് സഹായം തേടുമ്പോൾ കൃത്യമായ കണക്കുവേണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
Discussion about this post