തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാദ്ധ്യപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ചതിനെ തുടർന്നാണ് ഉത്തരവ് മാറ്റി വച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ ഒഴിവാക്കിയത് 5 പേജുകളും 11 ഖണ്ഡികകളുമാണ്. ഇത് പുറത്ത് വിടണമെന്നായിരുന്നു മാദ്ധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നത്.
ഉത്തരവിന്റെ പകർപ്പ് വാങ്ങാൻ രാവിലെ 11 മണിക്ക് എത്താനാണ് അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് വിവരാവകാശ കമ്മിഷണർ ഡോ . എ അബ്ദുൽ ഹാക്കീമ് അറിയിച്ചിരുന്നത്. എന്നാൽ ഒടുവിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെത്തി ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു.
പുതിയ പരാതി നൽകിയിരിക്കുന്ന ആരാണ് എന്നോ മറ്റു വിവരങ്ങളോ അധികൃതർ പങ്കുവച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ 29 പാരഗ്രാഫുകൾ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. എന്നാൽ 130 ഓളം പാരഗ്രാഫുകൾ സർക്കാർ സ്വന്തം നിലയിൽ ഒഴിവാക്കിയാണ് റിപ്പോർട്ട് കൈമാറിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാദ്ധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിൽ ഇനിയും റിപ്പോർട്ടിലെ ഈ ഭാഗങ്ങൾ പുറത്ത് വരാൻ വൈകുമെന്നാണ് റിപ്പോർട്ട്.
Discussion about this post