ഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്യൂഷൻ ടീച്ചറെ വെറുതെവിട്ട് ഡൽഹി കോടതി.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡീഷണൽ സെഷൻസ് ജഡ്ജി അജയ് നാഗറാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2015 നും 2018 നും ഇടയിൽ പലതവണ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നുമാണ് അന്ന് 12 ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ പരാതി.പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പരാതിക്കാരി പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അശ്ലീല ചിത്രം യാദൃച്ഛികമായി കണ്ടുവെന്ന് സമ്മതിച്ച പരാതിക്കാരി, പ്രതി തന്നെ അശ്ലീല വീഡിയോകൾ കാണിച്ചുവെന്ന മൊഴിയിൽ നിന്ന് പിന്മാറിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.പ്രതിയോട് ആകർഷണം തോന്നിയിരുന്നുവെന്നും പ്രണയ ലേഖനങ്ങൾ എഴുതി നൽകിയിരുന്നുവെന്നുമുള്ള പെൺകുട്ടിയുടെ മൊഴി, പ്രണയബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നതെന്ന് കാണിക്കുന്നതാണെന്നും കോടതി പറഞ്ഞു
പെൺകുട്ടി കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ, യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനാൽ ബലാത്സംഗ പരാതി നൽകുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരായ നിവേഷ് ശർമയും റിതു സിങ്ങും വാദിച്ചു.
Discussion about this post