ഏത് ഭാഷയിലെ സിനിമയായാലും അതിലെ ഇന്റിമേറ്റ് സീനുകൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. സിനിമയുടെ വിജയത്തിന്റെ ഒരു കാരണം പോലും പലപ്പോഴും ഇഴുകിചേർന്നുള്ള ഇത്തരം അഭിനയരംഗങ്ങൾ ആകാറുണ്ട്. പലപ്പോഴും ഇത് കുടുംബപ്രേക്ഷകരുടെ വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. കറങ്ങുന്ന ഫാനും കുതിച്ചുപായുന്ന കുതിരയും എല്ലാം കാണിച്ച് കിടപ്പറരംഗങ്ങൾ ഒതുക്കിയിരുന്ന മലയാള സിനിമയിൽ വരെ ഇന്ന് വളരെ ഭംഗിയായി ഇന്റിമേറ്റ് സീനുകൾ ഉണ്ടാവാറുണ്ട്. തിരക്കഥ ആവശ്യപ്പെടുകയാണെങ്കിൽ മറ്റേത് സീനുകൾ പോലെയും നന്നായി സംവിധാനം ചെയ്യേണ്ടതാണ് ഇന്റിമേറ്റ് സീനുകളുമെന്ന തിരിച്ചറിവ് നിർമ്മാതാക്കൾക്ക് ഉണ്ട്.
നൃത്തവും സംഘട്ടനവും കോറിയോഗ്രാഫി ചെയ്യുന്നത് പോലെ ഇന്റിമേറ്റ് രംഗങ്ങൾ കോറിയോഗ്രാഫി ചെയ്യുന്ന ആളുകളാണ് ഇന്റിമേറ്റ് കോർഡിനേറ്റർമാർ. ക്യാമറ ആംഗിൾ മുതൽ എഡിറ്റിംഗ് പോയിന്റുകൾ വരെ അവരാണ് തീരുമാനിക്കുന്നത്. ചെറിയ ചുംബനരംഗങ്ങൾ മുതൽ അതിതീവ്ര രംഗങ്ങൾ വരെ ഇവർ കോർഡിനേറ്റ് ചെയ്യും. ആ രംഗങ്ങളിൽ ഉപയോഗിക്കേണ്ട വസ്ത്രങ്ങൾ വരെ ഇന്റിമേറ്റ് കോർഡിനേറ്റർമാർ തിരഞ്ഞെടുക്കും.
ഇന്റിമേറ്റ് സീനുകൾ എടുക്കുമ്പോൾ പല നടീനടന്മാർക്കും അത് മാനസിക സംഘർഷം ഉണ്ടാക്കും. ഇത് ലഘൂകരിച്ച് സീനുകൾ മനോഹരമാക്കുകയാണ് പ്രധാനജോലി. റൊമാൻസ് മാത്രമല്ല,മാതൃസ്‌നേഹം,സഹോദരസ്‌നേഹം,സുഹൃത്തുക്കളുടെ ബന്ധം എല്ലാം ഇന്റിമസി സീനുകളാണ്. ഇവയ്ക്ക് അനുസരിച്ച് നടീനടന്മാരെ ഒരുക്കുന്നു.
സെക്‌സ് സീനുകൾ ആണെങ്കിൽ മുന്നൊരുക്കങ്ങൾ നടത്തും. ആദ്യം തന്നെ സീൻ എന്താണെന്ന് അഭിനേതാക്കളോട് വിശദീകരിക്കും. പരമാവധി ആളുകളെ കുറച്ചാണ് ഷൂട്ടിംഗ് ഒപ്പം ചിത്രീകരണത്തിനിടെ ഒരു ലൈംഗികചൂഷണവും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സീനുകൾ ചിത്രീകരിക്കുമ്പോൾ നടീനടന്മാർക്കിടയിൽ പലാറ്റെ ബോൾ ഉപയോഗിക്കാറുണ്ട്. ഇതിന് പുറമെ പല ഇന്റിമസി കിറ്റുകളും ഇന്റിമേറ്റ് കോർഡിനേറ്റർമാർ ഉപയോഗിച്ച് വരുന്നു. ഡിയോഡറന്റ് മുതൽ സ്‌കിൻ കളർ ടേപ്പും പില്ലോയും വരെ ഉൾപ്പെടുന്നതാണ് ഒരു ഇന്റിമസികൊറിയോഗ്രഫറുടെ ടൂൾ കിറ്റ്.
Discussion about this post