ദമാസ്കസ് : സിറിയയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. സിറിയയിലെ രാസായുധ സൈറ്റുകളെന്ന് സംശയിക്കുന്ന സ്ഥലങ്ങളും ലോംഗ് റേഞ്ച് റോക്കറ്റുകളും ഇസ്രായേൽ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയിൽ ഭരണാധികാരി ബാഷർ അസദിനെ പുറത്താക്കി അധികാരം കയ്യടക്കിയ വിമത സൈന്യത്തിന് ഈ ആയുധങ്ങൾ കിട്ടാതിരിക്കാനാണ് ആയുധ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തുന്നത്.
സിറിയയിൽ ബാഷർ അസദ് സർക്കാർ വീണതിൽ സന്തോഷം ഉണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതേ സമയം തന്നെ സിറിയയിലെ വിമതസേനയും ഇസ്രായേലിന് സ്വീകാര്യരല്ല. കടുത്ത ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഈ വിമതസേനയ്ക്ക് ആയുധങ്ങൾ ലഭിക്കാതിരിക്കാനായുള്ള നടപടികളാണ് ഇപ്പോൾ ഇസ്രായേൽ സ്വീകരിക്കുന്നത്.
ഇറാൻ്റെയും ഹിസ്ബുള്ളയുടെയും സഖ്യകക്ഷിയായ അസദിന്റെ വീഴ്ചയിലും പലായനത്തിലും ഇസ്രായേൽ ഭരണകൂടവും ജനതയും സന്തുഷ്ടരാണ്. എന്നാൽ ഭരണം പിടിച്ചടക്കിയ എച്ച്ടിഎസ് ഒരു ഇസ്ലാമിക സ്വേച്ഛാധിപത്യ ഗ്രൂപ്പാണെന്നും ഇസ്രായേൽ വ്യക്തമാക്കി. 2016 വരെ തീവ്രവാദ ഗ്രൂപ്പായ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അബു മുഹമ്മദ് അൽ-ഗോലാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് എച്ച്ടിഎസ്. സിറിയയിലെ രാസായുധങ്ങൾ അടക്കമുള്ള മാരക ആയുധങ്ങൾ ഈ തീവ്ര ഇസ്ലാമിക സ്വഭാവമുള്ള ഗ്രൂപ്പിന്റെ കയ്യിൽ ലഭിക്കുന്നതിന് മുൻപേ നശിപ്പിക്കുക എന്നുള്ളതാണ് ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നിലെ ലക്ഷ്യം.
Discussion about this post