വിശാഖപട്ടണം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നമായ ഗഗൻയാൻ ദൗത്യത്തിൽ നിർണായക നേട്ടവുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഭാഗമായ വെൽ ഡെക്ക്” പരീക്ഷണം വിജയിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിലെ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്നതാണ് വെൽ ഡെക്ക്. കടലിൽ പതിച്ച ബോട്ടുകളും എയർക്രാഫ്റ്റുകളുമുൾപ്പെടെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് ഇത്.
നാവികസേനയുമായി ചേർന്ന് വിശാഖപട്ടണം തീരത്തായിരുന്നു പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഗഗൻയാൻ ദൗത്യം പൂർത്തിയാകുമ്പോൾ, യാത്രികരെ തിരികെ ഭൂമിയിലെത്തിക്കാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ സമുദ്രത്തിൽ പതിക്കും. ഈ ക്രൂ മൊഡ്യൂളിനെ കിഴക്കൻ നേവൽ കമാൻഡിന്റെ വെൽ ഡെക്ക് ഷിപ്പ് ഉപയോഗിച്ച് കടലില്‍ നിന്നും സുരക്ഷിതമായി വീണ്ടെടുക്കും.
ക്രൂ മൊഡ്യൂൾ കടലിൽ പതിക്കുമ്പോൾ യാത്രികർക്കുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും അപ്രതീക്ഷിത വെല്ലുവിളികൾ ഒഴിവാക്കാനുമുള്ള നടപടികളാണ് നിലവിൽ നടത്തിവരുന്നത്. ക്രൂ മൊഡ്യൂളിന്റെ സമാന രൂപത്തിലും ഭാരത്തിലുമുള്ള വസ്തുവാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. സഞ്ചാരികൾ കടലിൽ ഇറങ്ങിയ ശേഷം എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിലെ വാട്ടർ സർവൈവൽ ട്രെയിനിംഗ് ഫെസിലിറ്റി പരിശീലനം നൽകും.
Discussion about this post