അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ തരത്തില്‍ വാഹനമോടിച്ച യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തിര നടപടി.
റിക്കവറി വാനിന്റെ ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആര്‍ ആനന്ദിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. എറണാകുളം വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം.
അതേസമയം, ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച മറ്റൊരാളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇക്കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. കാര്‍ ഓടിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ സഹിതമാണ് ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്‌സണ്‍ ഡിസൂസ ഇന്നലെ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് മുഹമ്മദ് മുസമ്മിലിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതു. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. 9000 രൂപ പിഴയും ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്.
Discussion about this post