വാഷിംഗ്ടൺ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘കാനഡയുടെ ഗവർണർ’ എന്നാണ് ട്രംപ് ട്രൂഡോയെ പരിഹാസപൂർവ്വം വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ ഈ പരിഹാസം.
കാനഡയിൽ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ കുറിച്ചും ട്രംപ് രൂക്ഷമായി വിമർശിച്ചു. കാനഡ യുഎസിലേക്ക് അനധികൃതമായി നിരോധിത മയക്കുമരുന്നുകൾ കടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങൾ തടയാൻ നടപടി എടുത്തില്ലെങ്കിൽ കാനഡയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
25 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധിക തീരുവ ചുമത്തിയാൽ അത് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ട്രൂഡോ ട്രംപിനെ അറിയിച്ചു. എങ്കിൽ കാനഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 51-മത്തെ സംസ്ഥാനം ആക്കാം എന്നായിരുന്നു ഡൊണാൾഡ് ട്രംപ് ഇതിന് മറുപടി നൽകിയത്. ഇതിന് പിന്നാലെ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ “കഴിഞ്ഞ ദിവസം ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവർണർ ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം അത്താഴം കഴിച്ചത് സന്തോഷകരമായിരുന്നു” എന്നാണ് ട്രംപ് കുറിച്ചത്. ഇതോടുകൂടി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയുടെ നിയുക്ത പ്രസിഡണ്ടും കാനഡയുടെ മേൽ വലിയ പ്രതിരോധമാണ് സൃഷ്ടിക്കുന്നത് എന്ന് സൂചനയാണ് പുറത്തുവരുന്നത്.
Discussion about this post