മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും നിരാശ. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോട് തോറ്റു. ഇറ്റലിയിലെ ടുറിനിൽ അരങ്ങേറിയ പോരാട്ടത്തിൽ 2-0ത്തിനാണ് യുവന്റസ് ഇംഗ്ലീഷ് വമ്പന്മാരെ കീഴടക്കിയത്. യുവന്റസിനായി വ്‌ലാഹോവിച്ചും മക്കെനിയും ഗോളുകൾ നേടി. അവസാന പത്ത് മത്സരങ്ങളിൽ വെറും ഒന്നിൽ മാത്രമാണ് പെപ് ഗ്വാർഡിയോളയുടെ ടീമിന് വിജയിക്കാൻ സാധിച്ചത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എലിമിനേഷൻ ഭീഷണി നേരിടുന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ നിലവിൽ ഇരുപത്തിരണ്ടാം സ്ഥാനത്താണ്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ജയിച്ചു കയറി ബാഴ്‌സലോണ. ആവേശകരമായ മത്സരത്തിൽ 3-2നാണ് ഫ്‌ലിക്കിന്റെ ടീം ബൊറൂസിയ ഡോട്ട്മുണ്ടിനെ വീഴ്ത്തിയത്. ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളാണ് കറ്റാലൻ ക്ലബ്ബിന് വിജയം സമ്മാനിച്ചത്. മികച്ച ഫോം തുടരുന്ന റഫീന്യയും ബാഴ്‌സയ്ക്കായി സ്‌കോർ ചെയ്തു. ബൊറൂസിയ ഡോട്ട്മുണ്ടിന്റെ രണ്ട് ഗോളുകളും ഗുറാസിയുടെ വകയായിരുന്നു.
60, 78 മിനിറ്റുകളിലായിരുന്നു ഈ ഗോളുകൾ.
സ്‌കോർ 2-2ൽ നിൽക്കെ, കളി തീരാൻ 5 മിനിറ്റ് ബാക്കി നിൽക്കെയാണ് ഒരു ഗോൾ കൂടി അടിച്ച് ഫെറാൻ ടോറസ് ബാഴ്‌സലോണയ്ക്ക് വിജയം സമ്മാനിച്ചത്. 6 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ബൊറൂസിയ ഡോട്ട്മുണ്ട് പോയിന്റ് പട്ടികയിൽ ഒൻപതാമതാണ്.
ഫ്രഞ്ച് ക്ലബ് എ എസ് മൊണാക്കോയെ സ്വന്തം തട്ടകമായ എമിറേറ്റ്‌സിൽ തകർത്ത് ആഴ്‌സനൽ. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗണ്ണേഴ്‌സ് വിജയം ആഘോഷിച്ചത്. സൂപ്പർ താരം ബുക്കായോ സാക്ക ഇരട്ട ഗോളുകൾ നേടി തിളങ്ങിയ പോരാട്ടത്തിൽ, കയ് ഹാവെർട്‌സും ആഴ്‌സനലിനായി സ്‌കോർ ചെയ്തു. ജയത്തോടെ ആഴ്‌സനൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.
Discussion about this post