ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. സിംഗപ്പൂരിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിന്റെ 14ആമത് റൗണ്ടിൽ ആണ് ഗുകേഷ് ഡിംഗ് ലിറനെ പരാജയപ്പെടുത്തിയത്.
ചെസ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി മാറിയിരിക്കുകയാണ് ഇതോടെ ഗുകേഷ് ദൊമ്മരാജു എന്ന 18 വയസ്സുകാരൻ. കളിയുടെ അവസാന നിമിഷങ്ങളിൽ അവിശ്വസനീയമായ ഒരു ചെക്ക്മേറ്റ് നീക്കത്തിലൂടെ ഡി ഗുകേഷ് അസൂയാവഹമായ നേട്ടമാണ് കൈവരിച്ചത്. വിശ്വനാഥ് ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററാണ് ഗുകേഷ്. ലോക കിരീടം മാത്രമല്ല, കോടികളുടെ സമ്മാനത്തുകയും വിജയിയായ ഗുകേഷിന് ലഭിക്കുന്നതാണ്.
2024ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഒരു ഗെയിം വിജയിക്കുന്നതിന് 2,00,000 ഡോളർ ആണ് സമ്മാനത്തുകയായി താരങ്ങൾക്ക് ലഭിക്കുക. ടൂർണമെൻ്റിൽ ഗുകേഷ് മൂന്ന് ഗെയിമുകൾ വിജയിച്ചതിനാൽ ഓരോ ഗെയിമിനും 2,00,000 ഡോളർ വീതം ലഭിക്കുന്നതായിരിക്കും. അതായത് ഓരോ ഗെയിമിനും 1.69 കോടി ഇന്ത്യൻ രൂപയോളം ആണ് ഗുകേഷിന് ലഭിക്കുന്നത്. വിജയിച്ച മൂന്ന് ഗെയിമുകൾക്കും കൂടി 5.07 കോടി രൂപയാണ് ഇന്ത്യയുടെ ഈ സൂപ്പർതാരത്തിന് ലഭിക്കുക.
Discussion about this post