സുഖമായി ഉറങ്ങുന്നതിനിടെ ഒരു മൂളിപ്പാട്ടുമായി എത്തി നമ്മുടെ സൈര്യം കെടുത്തന്നയാളെ അറിയില്ലേ.. അവനാണ് കൊതുക്. ചോരവേണമെങ്കിൽ കുടിച്ചിട്ട് പോയാൽ പോരെ, എന്തിനാ ചൊറിച്ചിൽ ഉണ്ടാക്കുന്നത് എന്ന് നമ്മൾ അറിയാതെ ചോദിച്ച് പോകും.കൊതുകിനെ നിസ്സാരൻമാരായി കാണരുത്. ലോകത്ത് ഏറ്റവും അധികം മരണങ്ങൾ ഉണ്ടാകുന്നത് യുദ്ധങ്ങൾ മൂലമല്ല, കൊതുകുകൾ മൂലമാണ്. മാരകരോഗാണുക്കളെ വഹിക്കുന്നവരാണ് അവർ.
ജന്തു സാമ്രാജ്യത്തിൽ, ആർത്ത്രോപോട ഫൈലം, കീട വർഗം, ദിപ്ടീര ഗോത്രം, ക്യുലിസിഡേ കുടുംബം, ഉപകുടുംബങ്ങൾ: അനോഫെലിനെ, ക്യു ലിസിനെ ,ടോക്‌സോരിൻകിടിനെ എന്നിവയിൽ ഉൾക്കൊണ്ടതാണു കൊതുകിന്റെ പ്രധാന ജെനുസ്സുകളായ അനോഫെലെസ്, ക്യൂലക്‌സ്, ഈഡിസ് , മാൻസോനിയ, ആർമിജെരസ് എന്നിവ. ലോകമെമ്പാടുമായി ഇതുവരെ ഈ ജെനുസ്സുകളിൽപ്പെട്ട 3500 ഇനം കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്
ഇതൊക്കെ ആലോചിക്കുമ്പോൾ കൊതുകില്ലാത്ത ഒരിടത്ത് പോയി ജീവിച്ചാൽ കൊള്ളാമെന്ന് ഒരു തവണയെങ്കിലും നമ്മൾ ആലോചിച്ചിട്ടുണ്ടാകും അല്ലേ…അങ്ങനെയൊരു സ്ഥലം പോലുമില്ലെന്നായിരിക്കും പലരും ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് അറിഞ്ഞോളൂ. അങ്ങനെയും ഒരു സ്വർഗരാജ്യമുണ്ട്.
ലോകത്തിലെ കൊതുകളില്ലാത്ത രാജ്യങ്ങളിലൊന്നാണ് നോർത്ത് അറ്റ്ലാന്റിക രാജ്യമായ ഐസ്ലാൻഡ്. കൊതുകുകൾ മാത്രമല്ല, പാമ്പുകളും ഇല്ല. ചില ഇനം ചിലന്തികൾ ഇവിടെ കാണപ്പെടുന്നുണ്ടെങ്കിലും അവയൊന്നും മനുഷ്യർക്ക് ദോഷം ചെയ്യില്ല.കൊതുകുകൾക്ക് ആർട്ടിക് ശൈത്യകാലത്തെപ്പോലെ കുറഞ്ഞ താപനിലയെ നേരിടാൻ കഴിയുമെങ്കിലും, ഐസ്ലാൻഡ് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അവയ്ക്ക് കഴിയാറില്ല. എല്ലാ വർഷവും, ഐസ്ലാൻഡ് തടാകത്തിൽ കൊതുകുകൾ പെരുകുന്നത് തടയുന്നതായി മൂന്ന് തവണ ഇവിടെ മഞ്ഞ് മൂടാറുണ്ട്. ലൈംഗിക പക്വത കൈവരിക്കുന്നതിന് മുമ്പുതന്നെ, അടുത്ത വലിയ മഞ്ഞുക്കാലം ഉണ്ടാകും. ഇതോടെ വെള്ളം തണുത്ത് ഉറയുന്നത് കൊതുകളുടെ പ്രജനനത്തെ ബാധിക്കും.ഐസ്ലാൻഡിലെ ജലത്തിന്റെയും മണ്ണിന്റെയും പൊതു ആവാസവ്യവസ്ഥയുടെ രാസഘടനയും കൊതുകിന് അനുകൂലല്ല.ഐസ്ലാൻഡിന് പുറമെ അന്റാർട്ടിക്കയിലും കൊതുകില്ല
Discussion about this post