ന്യൂഡൽഹി : സിനിമാരംഗങ്ങളെ പോലും വെല്ലുന്ന ഒരു ദൗത്യത്തിന് സാക്ഷിയായിരിക്കുകയാണ് ഡൽഹി. ഡൽഹിയിൽ ചികിത്സയിലായിരുന്ന 59കാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആ മിടിക്കുന്ന ഹൃദയം സഞ്ചരിച്ചത് 1,067 കിലോമീറ്ററിലധികം ദൂരമാണ്. നാഗ്പൂരിൽ നിന്നുമാണ് ഹൃദയം ഡൽഹിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ പൂർത്തിയാക്കിയാണ് ദൗത്യം അവസാനിപ്പിച്ചത്.
നാഗ്പൂരിൽ നിന്നും വിമാനമാർഗ്ഗമാണ് ഹൃദയം ഡൽഹിയിലെ എയർപോർട്ടിലേക്ക് എത്തിച്ചത്. തുടർന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഹൃദയം കൊണ്ടുവരികയായിരുന്നു. ഗ്രീൻ കോറിഡോറിലൂടെയാണ് ദൗത്യത്തിനായി സംഘം യാത്ര ചെയ്തത്.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ച നാഗ്പൂർ സ്വദേശിയായ 43കാരന്റെ ഹൃദയമാണ് ഡൽഹി സ്വദേശിനിയായ 59കാരിക്ക് മാറ്റിവച്ചത്. നാഗ്പൂരിലെ കിംഗ്‌സ്‌വേ ഹോസ്പിറ്റലിൽ നിന്ന് പുലർച്ചെ 12.53ന് ഹൃദയവുമായി ദൗത്യസംഘം പുറപ്പെട്ടു. എയർ ആംബുലൻസ് വഴി പുലർച്ചെ 3.19ന് ഹൃദയം ദില്ലി വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് റോഡ് മാർഗ്ഗം 3.57-ഓടെ ഹൃദയം ആശുപത്രിയിലേക്ക് എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
Discussion about this post