ന്യൂഡൽഹി ; സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്ന് ഒഴിപ്പിച്ചത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്‌സ്വാൾ പറഞ്ഞു.
സിറിയയിൽ നിന്ന് ഒഴിപ്പിച്ച 77 ഇന്ത്യക്കാരിൽ 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകരാണ്. ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. എല്ലാ ഇന്ത്യക്കാരെയും ലെബനോനിലേക്ക് സുരക്ഷിതമായ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വാണിജ്യ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങിയ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം പേരും ഇതിനോടകം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റുള്ളവർ ഇന്നോ നാളെയോ മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂത്തിലെത്തിയ തീർത്ഥാടകർ അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു.
വിദേശത്തുള്ള ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. സിറിയയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘സിറിയയിൽ ഇനിയുള്ള ഇന്ത്യൻ പൗരന്മാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി +963 993385973 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ, hoc.damascus@mea.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം, സമയബന്ധിതമായി വിദേശകാര്യ മന്ത്രലായം വിവരങ്ങൾ കൈമാറും’ എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നിരവധി പ്രമുഖ നഗരങ്ങളും പട്ടണങ്ങളും പിടിച്ചെടുക്കിയ ശേഷം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തു. സിറിയൻ സർക്കാർ ഇതോടെ തകർന്നു . വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പ്രസിഡന്റ് രാജ്യം വിട്ടു . ഇതിന് പിന്നാലെയാണ് സിറിയയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്.
Discussion about this post